market

കിളിമാനൂർ: പുതിയകാവിലെ പൊതുമാർക്കറ്റ് പുനർനിർമ്മാണം ദ്രുതഗതിയിൽ. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2020ൽ കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ ചന്ത നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മാർക്കറ്റ് നവീകരണ പദ്ധതികൾ ഫയലുകളിൽ ഉറങ്ങുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയതോടെ പഞ്ചായത്ത് തുടർനടപടികൾ ആരംഭിക്കുകയായിരുന്നു.

മാർക്കറ്റിനെ ആശ്രയിക്കുന്നത് നിരവധിപേർ

കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വലിയൊരു ശതമാനം സാധാരണ ജനങ്ങളാണ് കിളിമാനൂരിലുള്ളത്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുതിയകാവിലാണ് മാർക്കറ്റ്. കിളിമാനൂർ പഞ്ചായത്തിനോട് ചേർന്നുള്ളതാണ് ഈ സ്ഥലം. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പുളിമാത്ത്,നഗരൂർ,മടവൂർ,പള്ളിക്കൽ പഞ്ചായത്തുകളിൽ നിന്നും ജില്ലാതിർത്തിയായതിനാൽ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരവധിയാളുകളാണ് മാർക്കറ്റിനെ ആശ്രയിക്കുന്നത്. കാർഷികോത്പന്നങ്ങൾ വില്ക്കാനും വാങ്ങാനും ഇവരിൽ നല്ലൊരു വിഭാഗം ആശ്രയിക്കുന്നത് കിളിമാനൂർ പൊതുമാർക്കറ്റിനെയാണ്. വെറ്റില മുതൽ കന്നുകാലികളെ വരെ വിൽക്കാനും വാങ്ങാനുമായി ഇവിടെ ആളുകളെത്തുന്നുണ്ട്.

കച്ചവടത്തിന് ആളില്ല

ഞായറും വ്യാഴവുമാണ് പ്രധാന മാർക്കറ്റ് ദിവസങ്ങൾ. മാർക്കറ്റിന്റെ ശോചനീയാവസ്ഥ കാരണം കച്ചവടത്തിന് ആളുകൾ കുറഞ്ഞു. ആളുകൾ മറ്റ് മാർക്കറ്റുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ പഞ്ചായത്തിന് വരുമാനവും കുറഞ്ഞു. മാർക്കറ്റ് ആധുനിക നിലവാരത്തിൽ പണിയുന്നതോടെ മാർക്കറ്റിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

പ്രവർത്തനങ്ങൾ

നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി, ആധുനിക രീതിയിൽ നിർമ്മാണം

ഫിഷ് സ്റ്റാൾ, മീറ്റ് സ്റ്റാൾ നിർമ്മാണം

പൂർണമായും മേൽക്കൂര പണിയും

മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും