ശിവഗിരി : ഹൈന്ദവ സമുദായത്തിന്റെ ഭാഗമായിട്ടുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ വൈദിക ആചാര്യന്മാർക്ക് കുറേക്കൂടി വിശാല ഹൃദയം ഉണ്ടാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. അഹിന്ദു സമുദായത്തിൽപ്പെട്ട ഒരു സഹോദരി റീൽ എടുക്കാൻ വേണ്ടി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങി കാൽ കഴുകിയത് വലിയ അപരാധമായി ചിത്രീകരിച്ച് ക്ഷേത്രത്തിൽ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിന് ചേർന്നതല്ലെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. മുൻപ് വയലാർ രവിയുടെ ചെറുമകനെ മാതൃസ്ഥാനത്തിൽ അന്യമത ബന്ധമുണ്ടെന്ന് കാട്ടി പുണ്യാഹം നടത്തി ബഹുജനങ്ങളിൽ അവഹേളിതമായ സംഭവമുണ്ടായി. അന്യമത വിശ്വാസിയായ ഒരാൾ ക്ഷേത്രക്കുളം പോലും സ്പർശിക്കാൻ പാടില്ല എന്നുള്ളത് നിരവധി അധഃസ്ഥിതർക്ക് മോക്ഷം നൽകിയ ഭഗവാൻ ഗുരുവായൂരപ്പന് ഇഷ്ടപ്പെടില്ല എന്ന് തീർച്ചതന്നെ. ഗുരുവായൂർ ക്ഷേത്രത്തിലും മറ്റും ദിവസവും നൂറുകണക്കിന് അഹിന്ദുക്കൾ തങ്ങളുടെ മതവിശ്വാസം എന്തെന്നറിയിക്കാതെ ക്ഷേത്രദർശനം നടത്തി മടങ്ങി പോകുന്നുണ്ട്. എല്ലാം ഗുരുവായൂരപ്പൻ അറിയുന്നുവെങ്കിലും ക്ഷേത്ര ഭരണാധികാരികൾ അറിയുന്നില്ലെന്ന് മാത്രം. ഇതുകൊണ്ട് ക്ഷേത്ര ചൈതന്യത്തിന് ഒരു കുറവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല, ക്ഷേത്ര ചൈതന്യം വർദ്ധിക്കുകയേയുള്ളൂ. ഒരുകാലത്ത് ഈഴവരാദി പിന്നാക്ക ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്ര ചൈതന്യം കുറയുമെന്ന മൂഢ വിശ്വാസം ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ആ ദുരാചാരം നീങ്ങിയപ്പോൾ ഹിന്ദുമതത്തിനും ഹൈന്ദവ ആരാധനയ്ക്കും ഏറെ വളർച്ചയല്ലേ ഉണ്ടായിട്ടുള്ളൂ. അതുപോലെ അഹിന്ദുക്കൾക്കും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പ്രവേശനം നൽകുന്നതിനെക്കുറിച്ച് ഹിന്ദുമതത്തിന്റെ ധാർമ്മിക ആചാര്യന്മാരും ദേവസ്വം ബോർഡും ഗവൺമെന്റും പരിചിന്തനം ചെയ്യണം.