വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ സൈൻ ഓഫ് നടന്നു. തുറമുഖത്തടുക്കുന്ന കപ്പൽജീവനക്കാർ കരയിലേയ്ക്കിറങ്ങുന്നതാണ് സൈൻ ഓഫ്. ഇന്നലെയടുത്ത കപ്പലിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര ചികിത്സയുടെ ഭാഗമായാണ് തുറമുഖത്തെ ആദ്യ സൈൻ ഓഫ് നടത്തിയത്. തുറമുഖത്തേക്ക് കണ്ടെയ്നർ നീക്കത്തിനായി കൊളംബോയിൽ നിന്നെത്തിയ എം.എസ്.സി റിക്കു എന്ന കപ്പലിലെ ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ വിജയ് റെഡി(25)ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. രാജ്യാന്തര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പദവി(ഐ.സി.പി) ഇല്ലാത്തതിനാൽ കേരള മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖ അധികൃതരുമായി ചേർന്നായിരുന്നു നടപടി. തലസ്ഥാനം കേന്ദ്രമായുള്ള വാട്ടർലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് എന്ന ഏജൻസി മുഖാന്തരമായിരുന്നു നടപടികൾ. തുടർന്ന് കസ്റ്റംസ്, ഇമിഗ്രേഷൻ, പോർട്ട് ആരോഗ്യ വിഭാഗം എന്നിവയുടെ സാന്നിദ്ധ്യത്തിൽ ജീവനക്കാരനെ ബോട്ടിൽ മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖത്തെ സീവേർഡ് ബ്രേക്ക് വാട്ടറിലെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാന സ്വദേശിയായ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തുറമുഖ അധികൃതർ പറഞ്ഞു.