-

നെയ്യാറ്റിൻകര: ഓണക്കാലം ലക്ഷ്യമിട്ട് വേദനസംഹാര ഗുളികകളുമായി മയക്കുമരുന്ന് മാഫിയ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ നെയ്യാറ്റിൻകര പ്രദേശത്തു നിന്നും കഞ്ചാവും എം.ഡി.എം.എയും എക്സൈസ് പിടിച്ചെടുത്തിരുന്നു. ലഹരിയായി ഉപയോഗിക്കുന്ന വേദനസംഹാരികളായ ടാബ്‌ലെറ്റുകൾ ഇന്നലെ അമരവിള ചെക്ക് പോസ്റ്റിൽ വച്ചും പിടികൂടി.

ബാംഗ്ലൂരിൽ നിന്ന് എത്തിയ സ്വകാര്യ ബസിലെ യാത്രക്കാരൻ റൂയൽ ഇസ്ലാം (35) എന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ ബാഗിൽ നിന്നാണ് 467.977 ഗ്രാം നിരോധിക്കപ്പെട്ട ട്രമഡോള്‍ അടങ്ങിയ ഗുളികകൾ കണ്ടെത്തിയത്. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നൽകാവുന്ന മരുന്നുകളാണിവ. എക്‌സൈസ് ഇൻസ്പെക്ടർ അനിൽ കുമാർ.എ.ആർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുലാൽ.എം, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രതീഷ്.എസ്.എസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അജിത്ത്.ആർ, സിവിൽ എക്സൈസ് ഓഫീസർ വിജയ് മോഹൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സുമി.ജെ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.