തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. കാട്ടാക്കട റസിയ മൻസിലിൽ എസ്.സുമയ്യ(26) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് കുമാർ മാത്രമാണ് പ്രതി. ഡോക്ടർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സുമയ്യ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനും വ്യക്തിസുരക്ഷയും അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി പ്രവർത്തിച്ചതിനാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.
ഗൈഡ് വയർ നീക്കംചെയ്യുന്നതിനുള്ള തുടർ ചികിത്സനൽകുമെന്ന് ആരോഗ്യവകുപ്പ് യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. പൊലീസ് കേസെടുത്തതോടെ ചികിത്സാ പിഴവിന് ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പിനും നടപടി എടുക്കേണ്ടിവരും. അന്വേഷിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. ഉന്നത മെഡിക്കൽ സംഘം യുവതിയെ ഉടൻ പരിശോധിച്ചേക്കും. വീണ്ടും ശസ്ത്രക്രിയ നടത്തുന്നതിൽ അന്തിമ തീരുമാനമെടുക്കും. അതേസമയം, ഗൈഡ് വയർ ഉള്ളിൽ കിടന്നാലും കുഴപ്പമില്ലെന്ന ശ്രീചിത്രയുടെ റിപ്പോർട്ട് ഒത്തുകളിയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
പൂഴ്ത്താനും ശ്രമം
2023 മാർച്ചിലാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 2025 ഏപ്രിലാണ് നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. അപ്പോൾത്തന്നെ ആശുപത്രി സൂപ്രണ്ടിനെ ഡോക്ടർ വിവരം അറിയിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പ് സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ടിരുന്നു. ആരോഗ്യവകുപ്പിലെ ഉന്നതർ ഇടപെട്ടാണ് ശ്രീചിത്രയിൽ നിന്ന് ഡോക്ടർക്ക് അനുകൂലമായ റിപ്പോർട്ട് വാങ്ങിയത്. ഒരു വിദഗ്ദ്ധസമിതിയെ നിയോഗിച്ചിരുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ വാദം. സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ ശ്രീചിത്രയിൽ നിന്ന് റിപ്പോർട്ട് നൽകിയെന്നാണ് വിവരം.