തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച സ്കൂൾ വിദ്യാർത്ഥി ആശുപത്രിയിൽ.തലസ്ഥാനത്തെ സ്വകാര്യ വിദ്യാലയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.ആഘോഷത്തിനെത്തിയ വിദ്യാർത്ഥികൾ കൂട്ടംകൂടി പൊതുസ്ഥലത്ത് മദ്യപിക്കുകയായിരുന്നു.വെള്ളയമ്പലം മാനവീയം റോഡിന് സമീപമുള്ള നിർമ്മാണം നടക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു പ്ലസ് വൺ - പ്ലസ്ടു വിദ്യാർത്ഥികളുടെ മദ്യപാനം.

ഇതിനിടെ മദ്യപിച്ച് കുഴഞ്ഞുവീണ കരമന സ്വദേശിയായ ഒരു വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂട്ടുകാർ ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.വിദ്യാർത്ഥി അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.മ്യൂസിയം പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.