തിരുവനന്തപുരം: നഗരത്തിൽ പലയിടങ്ങളിലും സിഗ്നൽ ലൈറ്റുകൾ ഓഫാക്കിയിട്ടതോടെ റോഡുകൾ കുരുക്കിലമർന്നു. വി.ഐ.പികൾ കടന്നുപോകുന്നതിനാലാണ് സിഗ്നലുകൾ ഓഫാക്കുന്നത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതുകാരണം മിനിറ്റുകൾ കൊണ്ട് എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് പോലും,വാഹനങ്ങൾക്ക് മറ്റ് വഴികളിലൂടെ ചുറ്റിവളഞ്ഞ് പോകേണ്ടി വന്നു.
രോഗികളും കുട്ടികളുമുൾപ്പെടെ വലഞ്ഞു.രാവിലെയും വൈകിട്ടും ഓഫീസ് സമയങ്ങളിൽ പേട്ട നാലുമുക്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.ഇരുഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസുകാർ പാടുപ്പെട്ടു.
പേട്ട,പാറ്റൂർ,കണ്ണമ്മൂല,വഞ്ചിയൂർ എന്നീ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങളാണ് നാലുമുക്കിൽ കൂടിച്ചേരുന്നത്. രാത്രി 8ന് ശേഷം പേട്ട ഭാഗത്ത് ട്രാഫിക്ക് നിയന്ത്രണത്തിന് ഒരു പൊലീസ് പോലുമില്ലാതിരുന്നതും ആശയക്കുഴപ്പം സൃഷ്ടിച്ചു. പേട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ വന്നിറങ്ങിയതോടെ പ്രശ്നം ഇരട്ടിച്ചു. ഗതാഗതക്കുരുക്ക് കാരണം ഇരുചക്രവാഹന യാത്രക്കാർ നടപ്പാതയിലൂടെ കയറി സഞ്ചരിച്ചതോടെ കാൽനടയാത്രക്കാരും വലഞ്ഞു. ജനറൽ ആശുപത്രിക്ക് മുന്നിലും വഴുതക്കാട് ജംഗ്ഷനിലും വിമൻസ് കോളേജിന് മുന്നിലും സിഗ്നൽ ലൈറ്റുകൾ ഓഫാക്കിയിടുന്നത് പതിവാണ്. വഴുതക്കാട് നിന്നും പൂജപ്പുരയിലേക്ക് പോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ പലപ്പോഴും ട്രാഫിക്ക് പൊലീസ് വലയാറുണ്ട്. ഏറെനേരം കാത്തുനിന്നാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ അപകടത്തിലും പെടാറുണ്ട്.