തിരുവനന്തപുരം: പേവിഷബാധ നിർമാർജനത്തിനുള്ള ഏക പോംവഴി മനുഷ്യനെയും മറ്റു ജന്തു ജീവജാലങ്ങളെയും ബന്ധപ്പെടുത്തിയുള്ള ഏകാരോഗ്യമാണെന്ന് വിദഗ്ദ്ധർ. പേവിഷബാധയും ഏകാരോഗ്യവും എന്ന വിഷയത്തിൽ മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്കൂൾ ഒഫ് പബ്ളിക് ഹെൽത്ത് ഹാളിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയിലാണ് നിർദ്ദേശം. അതിനായി 70 ശതമാനം നായ്ക്കൾക്കെങ്കിലും തുടർച്ചയായി വാക്സിനേഷൻ നൽകണം. പേവിഷബാധയേറ്റ നായ്ക്കൾ ശരാശരി ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കുകയും ആ പ്രദേശത്തെ മനുഷ്യർക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് ഗ്ലാസ്‌ഗോ സർവകലാശാലയിലെ പ്രമുഖ റാബിസ് വിദഗ്ധ ഡോ.കാറ്റി ഹാംപ്‌സൺ പറഞ്ഞു. ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി സ്കോളർ ഡോ മാർത്ത ലൂക്ക,കേരള പ്രൊ വൈസ് ചാൻസലർ ഡോ.സി.പി.വിജയൻ,അനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോ.എം.സി.റെജിൽ,ഡോ.മനോജ് മുജിരേക്കർ,ഡോ.റീത്താ മാണി,ഡോ.അശ്വത്ഥ് നാരായണ,ഡോ.ശോഭ,സ്കൂൾ ഒഫ് പബ്ളിക് ഹെൽത്ത് പ്രൊഫസർ ഡോ.തോമസ് മാത്യു,അസോസിയേറ്റ് പ്രൊഫസർ ഡോ.സിനിയ.ടി.നുജും എന്നിവർ സംസാരിച്ചു.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്കൊപ്പം ആരോഗ്യവകുപ്പ്,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്,മൃഗസംരക്ഷണം,തദ്ദേശ സ്വയംഭരണ വകുപ്പുകൾ,മിഷൻ റാബീസ്,കംപാഷൻ ഫോർ അനിമൽ വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.