തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്(സി.ഐ.ഐ) യംഗ് ഇന്ത്യൻസ് സരസ്വതി വിദ്യാലയവുമായി സഹകരിച്ച് നടത്തിയ റീജിയണൽ യംഗ് ഇന്ത്യൻസ് പാർലമെന്റ് ശ്രദ്ധേയമായി. ടെക്നോപാർക്ക് ഫേസ് വണ്ണിലെ ട്രാവൻകൂർ ഹാളിൽ നിയമസഭയിലെന്ന പോലെ ചൂടുള്ള വാദപ്രതിവാദങ്ങൾ അലയടിച്ചു. ഭരണപക്ഷത്തിന്റെ കെടുകാര്യസ്ഥത പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോൾ സഗൗരവം കുട്ടി സ്പീക്കർ സഭ നിയന്ത്രിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിലെ നൂലാമാലകളും കാലാവസ്ഥാവ്യതിയാനവും രാജ്യസുരക്ഷയും ഉൾപ്പെടെ പ്രതിപക്ഷം തുറുപ്പുചീട്ടാക്കി.മൈസൂർ,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ചാപ്ടർ ലെവൽ ജയിച്ച 85ഓളം കുട്ടികളാണ് റീജിയണൽ പാർലമെന്റിൽ പങ്കെടുത്തത്. ഡൽഹിയിൽ നടക്കുന്ന ദേശീയതല മത്സരത്തിലേക്ക് തിരുവനന്തപുരത്ത് നിന്ന് 15 കുട്ടികളെ തിരഞ്ഞെടുക്കും.
മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ചാപ്ടർ ചെയർ ശങ്കരി ഉണ്ണിത്താൻ,കോ ചെയർ മാത്യു ജേക്കബ്,സരസ്വതി വിദ്യാലയ വൈസ് ചെയർമാൻ ദേവി മോഹൻ,ഡിസ്ട്രിക്ട് ടൗൺ പ്ലാനിംഗ് ഓഫീസർ ഡെൻസിൽ ഫെർണാണ്ടസ്,യംഗ് ഇന്ത്യൻസ് പാർലമെന്റ് ചെയർ രാഹുൽ സ്റ്റീഫെൻസൺ തുടങ്ങിയവർ പങ്കെടുത്തു.