കിളിമാനൂർ: ഓണപ്പാച്ചിലിനിടെ പെയ്ത മഴ കാരേറ്റ് ജംഗ്ഷനെ വെള്ളത്തിനടിയിലാക്കി. ഇതോടെ ജനം ദുരിതത്തിലായി. സംസ്ഥാന പാതയിൽ കാരേറ്റ് മുതൽ വാമനപുരം പാലത്തിനു സമീപം വരെ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകൾ നോക്കുകുത്തിയായതോടെ ഓടകളിലൂടെ ഒഴുകേണ്ട വെള്ളം റോഡുകളിലൂടെ ഒഴുകുകയാണിപ്പോൾ. നഗരൂർ, കല്ലറ, കിളിമാനൂർ, വെഞ്ഞാറമൂട് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കാരേറ്റ് ജംഗ്ഷൻ. കാരേറ്റ്-കല്ലറ റോഡ് നിർമ്മാണവും ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ പണി ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. ഇതുവഴി ഒലിച്ചു വരുന്ന വെള്ളവും കാരേറ്റ് ജംഗ്ഷനിലാണ് എത്തുന്നത്. ഇതോടെ ഇവിടം കൂടുതൽ വെള്ളത്തിനടിയിലാകും. തന്മൂലം ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. മഴ പെയ്ത് വെള്ളക്കെട്ടായതോടെ മണിക്കൂറുകൾ എടുത്താണ് വാഹനങ്ങൾ കടന്നു പോകുന്നതും.
ഓടകളിലെ മാലിന്യം
നീക്കം ചെയ്യുന്നില്ല
പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാരേറ്റ് ജംഗ്ഷൻ മുതൽ സമീപത്തെ പെട്രോൾ പമ്പുവരെ റോഡിന് ഇരുവശത്തുമായി ബൈക്കുകൾ പാർക്ക് ചെയ്യുന്നത് അപകടം വർദ്ധിപ്പിക്കുന്നു. റോഡിലെ വെള്ളവും ഓടകളിലെ വെള്ളവും ഒക്കെയായി കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും നിരന്തരം അപകടത്തിൽപ്പെടുന്നതും പതിവാണ്. ഓടകളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതാണ് പ്രധാനമായും വെള്ളക്കെട്ടിന് കാരണം.
വ്യാപാര സ്ഥാപനങ്ങളിലേക്കും
മാലിന്യമെത്തുന്നു
ഇടയ്ക്ക് നീക്കം ചെയ്ത മാലിന്യങ്ങൾ റോഡരികിൽ തന്നെ ഇട്ടതിനാൽ തൊട്ടടുത്ത ദിവസങ്ങളിൽ മഴ പെയ്തതോടെ ഇവയൊക്കെ വീണ്ടും ഓടകളിൽ നിറഞ്ഞു. മഴ ശക്തമായതോടെ ഇവിടുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടകളിൽ നിന്ന് മാലിന്യങ്ങൾ കുത്തിയൊലിക്കാൻ തുടങ്ങിയത് കച്ചവടക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
ആവശ്യങ്ങൾ
അശാസ്ത്രീയ ഓടനിർമ്മാണം ഒഴിവാക്കി ജലമൊഴുക്ക് തടസപ്പെടാതെ ഓടകൾ നിർമ്മിക്കണം
ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം
ഓടകളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കണം
അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കണം