bus-kathirippu-kendram

കല്ലമ്പലം: കാലപ്പഴക്കം ചെന്ന ബസ്‌ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. തിരക്കേറിയ വർക്കല കല്ലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിലുള്ളത്. കല്ലമ്പലം ഭാഗത്തേക്ക് പോകാൻ ജനം ആശ്രയിക്കുന്നതേറെയും ഈ കാത്തിരിപ്പ് കേന്ദ്രത്തെയാണ്. വർഷങ്ങൾ പഴക്കമുള്ള കാത്തിരിപ്പ് കേന്ദ്രം നന്നാക്കാനോ പുതിയത് സ്ഥാപിക്കാനോ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.

മഴയത്ത് ചോർന്നൊലിക്കുന്നു

മേൽക്കൂര തകർന്ന് മഴയത്ത് ചോർന്നൊലിക്കുന്ന നിലയാണ് ഇപ്പോഴത്തെ സ്ഥിതി. മേൽക്കൂര താങ്ങി നിർത്തുന്ന തൂണുകളും ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താം. നാട്ടുകാർ പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്. മഴയത്ത് തിങ്ങി ഞെരുങ്ങി നിന്നാൽ മാത്രം പോര, ചോർച്ചയെ നേരിടാൻ കുട പിടിക്കുകയും വേണം. ഇരിക്കാനുള്ള കമ്പികളും ദ്രവിച്ച നിലയിലാണ്.

ശക്തമായ മഴയത്ത് റോഡിലൂടെ ഒലിച്ചു പോകുന്ന വെള്ളം ഇതിനകത്ത് കയറുന്ന സ്ഥിതിയുമുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു

ആധുനിക കാത്തിരിപ്പ്

കേന്ദ്രം നിർമ്മിക്കണം

നിത്യേന നൂറിൽപ്പരം ബസുകൾ പോകുന്ന റൂട്ടിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാലപ്പഴക്കം കൊണ്ടുള്ള ദുരവസ്ഥ മാറ്റാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കൂടുതൽ പേർക്ക് നിൽക്കാനും ഇരിക്കാനുമുള്ള സൗകര്യത്തിൽ ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രം പണിയണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.