സംസ്ഥാനത്ത് ലക്ഷക്കണക്കിന് പേരുടെ ഉപജീവനമാർഗവും സാമൂഹ്യ സുരക്ഷാപദ്ധതികൾ നടപ്പിലാക്കാനുള്ള വരുമാന മാർഗവുമാണ് കേരള ലോട്ടറി. എന്നാൽ ലോട്ടറിയെ വരിഞ്ഞുമുറുക്കും വിധം നികുതി വർദ്ധിപ്പിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് നാല്പതു ശതമാനമായി വർദ്ധിപ്പിക്കാനാണ് നീക്കം. കടമെടുപ്പും നികുതി വിഹിതവും കുറച്ചു കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ ലോട്ടറി വരുമാനത്തിലും കൈവയ്ക്കാനുള്ള നീക്കമായിട്ടേ ഇതിനെ കാണാനാവൂ. ജി.എസ്.ടി വന്നപ്പോൾ 12 ശതമാനമായിരുന്നു ലോട്ടറി നികുതി. 2020 ൽ ഇത് 28 ശതമാനമാക്കി വർദ്ധിപ്പിച്ചു. ഇതോടെ ടിക്കറ്റ് വില 30 രൂപയിൽ നിന്ന് 40 ലേക്കും പിന്നീട് 50 ലേക്കും ഉയർത്തേണ്ടിവന്നു. ടിക്കറ്റ് വില്പനയെ സ്വാഭാവികമായും അത് ബാധിച്ചു. വർഷം 14,000 കോടിയോളം രൂപയ്ക്കാണ് സംസ്ഥാനത്ത് ലോട്ടറി വില്പന നടത്തുന്നത്. ഇതിൽ നികുതിയിനത്തിൽ മൂവായിരം കോടിയോളവും ലാഭമായി 450 കോടി രൂപയും ലഭിക്കുന്നുണ്ട്. ചികിത്സാ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള സഹായം, കാരുണ്യ തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണവും ഇതുവഴി നടത്തുന്നുണ്ട്. ലോട്ടറിക്കച്ചവടം പ്രതിസന്ധിയിലായാൽ ഇതെല്ലാം നിലയ്ക്കുമെന്ന ആശങ്കയുണ്ട്.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമായത് കണക്കിലെടുത്താണ് ജി.എസ്.ടി നിരക്കുകൾ കുറയ്ക്കാനും പരിഷ്കരിക്കാനും തീരുമാനിച്ചത്. എന്നാൽ ചിലതിനാകട്ടെ കഠിനമായി ജി.എസ്.ടി ചുമത്താനും തീരുമാനിച്ചു. ഈ ഗണത്തിലാണ് ലോട്ടറി വരുന്നത്. കേരള ലോട്ടറിയെ ഓൺലൈൻ ഗെയിമിംഗ് ചൂതാട്ടം തുടങ്ങിയ വിഭാഗത്തിൽ പെടുത്തിയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ലോട്ടറി ചൂതാട്ടമല്ലെന്നും വരുമാനം പൂർണമായും ക്ഷേമ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജി.എസ്.ടി നിരക്കുകൾ കുറയ്ക്കുന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമായ കാര്യമാണ്. എന്നാൽ ഇതിലൂടെ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ ഇരുപത് ശതമാനത്തോളം കുറവുണ്ടാകുമെന്ന് കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ ചേർന്ന കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിലയിരുത്തുകയുണ്ടായി. ഈ വരുമാനനഷ്ടം കേന്ദ്രം നികത്തണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ ആവശ്യം.
തികച്ചും ന്യായമായ ആവശ്യമായി ഇതിനെ കാണാം. പരിഷ്ക്കരണത്തിലൂടെ കേരളത്തിന്റെ വരുമാനത്തിൽ 8000 കോടിയോളം കുറവ് വരും.
2022 വരെ ജി.എസ്.ടി നഷ്ടപരിഹാരം ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷം 54,500 കോടി കിട്ടേണ്ട സ്ഥാനത്ത് 32,500 കോടി മാത്രമാണ് ലഭിച്ചത്. കേരളത്തോട് കുറേക്കൂടി ഉദാരസമീപനം പുലർത്താൻ കേന്ദ്രം തയ്യാറാകേണ്ടതാണ്. ദേശീയപാത വികസനമടക്കം പല കാര്യങ്ങളിലും സംസ്ഥാനത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത്. എന്നാൽ കടമെടുപ്പ് പരിധിയുടെ കാര്യത്തിലും , അർഹമായ വിഹിതം ലഭ്യമാക്കുന്നതിലും കുറെക്കൂടി വിശാലമായ കാഴ്ചപ്പാട് പുലർത്തേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ കേരളം നിരന്തരം അഭ്യർത്ഥന നടത്തുകയും കേന്ദ്ര ധനകാര്യമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ സജീവമായ ഇടപെടലാണ് നടത്തിവരുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രീയമായ ഒരു സമീപനത്തിനു പകരം. കേരളത്തിന് ഗുണകരമായ നിലപാട് കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുകതന്നെ വേണം.
ഓണത്തിന് ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. ധനഞെരുക്കത്തിനിടയിലും ക്ഷേമപെൻഷൻ, ബോണസ്, ശമ്പളം തുടങ്ങിയ കാര്യങ്ങളിൽ പൊതുവെ തർക്കങ്ങളും പരാതികളും എങ്ങും കേൾക്കാനില്ല. ബഹളങ്ങളില്ലാതെ കൃത്യമായ ധനകാര്യ മാനേജ്മെന്റിലൂടെ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും, സർക്കാരിനെയും അഭിനന്ദിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു.