തിരുവനന്തപുരം: നഗരവീഥികളിലാകെ ഓണത്തിന്റെ ആർപ്പുവിളികൾ മുഴങ്ങിത്തുടങ്ങിയതോടെ മലയാളികൾ ആഘോഷത്തിന്റെ മൂഡിലാണ്. പച്ചക്കറികളും തുണിത്തരങ്ങളും പൂക്കളും വാങ്ങാൻ റോഡുകളിൽ വലിയ ജനത്തിരക്കാണ്. കിഴക്കേകോട്ട,പാളയം,തമ്പാനൂർ എന്നിവിടങ്ങളാണ് ഓണത്തിരക്കിന്റെ പ്രഭവകേന്ദ്രങ്ങൾ. വലിയ മാളുകൾക്ക് പുറമെ, ചെറുകിട വ്യാപാര കേന്ദ്രങ്ങളിലും നടപ്പാതകളിലും ജനങ്ങൾ ഒഴുകിയെത്തുന്നുണ്ട്. ഇടയ്ക്ക് പെയ്യുന്ന മഴ, മലയാളികളുടെ ഓണം മൂഡിനെ ലവലേശവും മടുപ്പിക്കുന്നില്ല. ഡിസ്കൗണ്ട് സെയിലുകളും ഓഫറുകളുമായാണ് മാളുകൾ മാടിവിളിക്കുന്നത്. ഓണക്കോടിക്ക് പുറമേ, മഞ്ഞക്കോടി, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, ഗിഫ്റ്റ് ഹാംപറുകൾ എന്നിവ വാങ്ങാനും വലിയ തിരക്കാണ്. പേട്ട, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട, ചാക്ക ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് വർദ്ധിച്ചുവരുന്നു. മുൻപ് സായാഹ്നങ്ങളിലാണ് കടകളിലെ ജനത്തിരക്ക് കൂടിയിരുന്നതെങ്കിൽ, ഇപ്പോൾ രാവിലെ മുതൽ തിരക്ക് ആരംഭിക്കുന്നതായി വ്യാപാരികൾ പറയുന്നു. ഇതുകാരണം, പല കടകളും പ്രവർത്തനസമയം വർദ്ധിപ്പിച്ചു. കോളേജുകളിലെയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെയും ഓണപ്പരിപാടികൾക്ക് പൂവ് വാങ്ങാനെത്തുന്നവരാണ് ചാലയിൽ അധികവും. സർക്കാരിന്റെ ഓണാഘോഷം ആരംഭിക്കാനിരിക്കെ കനകക്കുന്ന്, മ്യൂസിയം, പുത്തരിക്കണ്ടം മൈതാനം, വെള്ളയമ്പലം മാനവീയം വീഥി തുടങ്ങിയ സ്ഥലങ്ങളിലും തിരക്ക് കൂടും.

'പൊൻ'ഓണം

അതേസമയം, ഓണം എത്താനിരിക്കെ സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കാഡിൽ എത്തിയത് മലയാളികളെ ആശങ്കയിലാഴ്ത്തി. ഇന്നലെ 22 കാരറ്റ് സ്വർണം പവന് 1200 രൂപയാണ് വർദ്ധിച്ചത്. വെള്ളി വിലയും ഉയർന്നു. ചിങ്ങം പിറന്നതോടെ നഗരത്തിലെ പ്രധാന ജുവലറികളിൽ സ്വർണാഭരണങ്ങൾ വാങ്ങാനെത്തുന്നവരുടെ നീണ്ട നിരയായിരുന്നു.പുതിയ ‌ഡിസൈനിലുള്ള വെള്ളിക്കൊലുസുകൾക്കും മോതിരങ്ങൾക്കും പ്രീ-ബുക്കിംഗ് വരെ സജ്ജീകരിച്ചിരുന്നു. പ്രത്യേക ഓഫറുകളും പുതിയ കളക്ഷനുകളും ഉപഭോക്താക്കൾക്കായി ജുവലറി ഉടമകൾ ഒരുക്കിയിരുന്നു. ബന്ധുക്കൾക്ക് ഓണസമ്മാനമായി സ്വർണം വാങ്ങാനെത്തിയവരും കുറവല്ല. സ്വർണവില ഉയർന്നത് ആദ്യദിനം ജുവലറികളിൽ വലിയ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ ട്രെൻ‌ഡ് മാറിയേക്കും.