തിരുവനന്തപുരം: സംസ്ഥാനത്തെ സാനിറ്ററി മാലിന്യം സംസ്കരിക്കാൻ 120 ടൺ ശേഷിയുള്ള പുതിയ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.കുന്നുകുഴിയിൽ നഗരസഭയുടെ ആധുനിക സൗകര്യങ്ങളുള്ള അറവുശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുമാസത്തിനുള്ളിൽ പ്ലാന്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. പ്രതിദിനം 100 ടൺ സാനിറ്ററി മാലിന്യം കേരളത്തിലുണ്ടാകുന്നുണ്ട്. 14 ടൺ സംസ്‌കരിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്. പുനരുപയോഗിക്കാനാകാത്ത പ്ലാസ്‌റ്റിക് മാലിന്യങ്ങളുൾപ്പെടെ ആർ.ഡി.എഫാക്കി(സിമന്റ് ഫാക്‌ടറികളിലെ ഇന്ധനം) മാറ്റുന്ന പ്ലാന്റുകൾ സ്ഥാപിക്കും.
720ടൺ ആർ.ഡി.എഫ് ഉത്പാദിപ്പിക്കാനാവുന്ന പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കും. ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം ടൂറിസ്‌റ്റ് കേന്ദ്രമാക്കുന്നതിനുള്ള മാസ്‌റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചു. ചങ്ങനാശേരിയിലും തിരുവനന്തപുരത്തും ഉടൻ സി.ബി.ജി(കംപ്രസ്ഡ് ബയോഗ്യാസ്) പ്ലാന്റിന്റെ പണി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.വി.കെ.പ്രശാന്ത് എം.എൽ.എ,ഡെപ്യൂട്ടി മേയർ പി.കെ.രാജു,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ക്ലൈനസ് റൊസാരിയോ,മേടയിൽ വിക്രമൻ,സി.എസ്.സുജാദേവി,ആർ.സുരകുമാരി,എസ്.എസ്.ശരണ്യ,കൗൺസിലർമാരായ ഡി.ആർ.അനിൽ,മേരി പുഷ്‌പം,സി.പി.എം പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു,ആർ.സജീഷ്,നഗരസഭ സെക്രട്ടറി എസ്.ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു.