തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 3ന് തുടക്കമാകും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ(ജയം രവി) എന്നിവർ മുഖ്യാതിഥികളാകും. സെപ്തംബർ 9 വരെ തിരുവനന്തപുരത്ത് 33 വേദികളിലായി പുതുമയാർന്ന സംഗീത,നൃത്ത പരിപാടികളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 3ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ദീപാലങ്കാരവും ഘോഷയാത്രയും ഉൾപ്പെടെ വിപുലമായി ഓണാഘോഷം നടത്തുമെന്ന് ഓണാഘോഷക്കമ്മിറ്റി വർക്കിംഗ് ചെയർമാനും മന്ത്രിയുമായ വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,മേയർ ആര്യ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ടൂറിസം സെക്രട്ടറി കെ.ബിജു,ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ന് പതാക ഉയരും
ഇന്ന് വൈകിട്ട് 5ന് കനകക്കുന്നിൽ ഓണാഘോഷത്തിന്റെ പതാക ഉയർത്തും. ഓണം ട്രേഡ് ഫെയർ ഉദ്ഘാടനം ഉച്ചയ്ക്ക് 2ന് കനകക്കുന്നിൽ നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ സെപ്തംബർ 2ന് വൈകിട്ട് 5ന് പ്രദർശന വടംവലിയും നടക്കും. ദീപാലങ്കാരം,മീഡിയ സെന്റർ എന്നിവയുടെ ഉദ്ഘാടനം 2ന് വൈകിട്ട് 6.30ന് നടക്കും.അത്തപ്പൂക്കളമത്സരം വെള്ളയമ്പലം ജവഹർ ബാലഭവനിൽ സംഘടിപ്പിക്കും. പ്രമോദ് പയ്യന്നൂർ,ജി.എസ്.പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിന് നിശാഗന്ധി വേദിയാകും. സംഗീതസംവിധായകൻ ശരത്തിന്റെ സംഗീതനിശയും മനോ,ചിന്മയി,വിനീത് ശ്രീനിവാസൻ,സിത്താര കൃഷ്ണകുമാർ തുടങ്ങിയവരുടെ സംഗീതപരിപാടികളും സുരാജ് വെഞ്ഞാറമൂടിന്റെ മെഗാഷോയും നിശാഗന്ധിയിൽ നടക്കും.
സംഗീതനിശ
ബിജു നാരായണൻ,കല്ലറ ഗോപൻ,സുദീപ് കുമാർ,വിധു പ്രതാപ്,നജീം അർഷാദ്,രമ്യ നമ്പീശൻ,രാജേഷ് ചേർത്തല,നിത്യ മാമ്മൻ,പുഷ്പവതി,നരേഷ് അയ്യർ എന്നിവരുടെ സംഗീതപരിപാടികൾ വിവിധ വേദികളിലായി അരങ്ങേറും. ഓണം വാരാഘോഷത്തിന്റെ സമാപനംകുറിച്ച് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ 150ഓളം ഫ്ലോട്ടുകൾ അണിനിരക്കുന്ന ഘോഷയാത്ര സെപ്തംബർ 9ന് വൈകിട്ട് മാനവീയം വീഥിയിൽ ഫ്ളാഗ് ഓഫ് ചെയ്യും. വാർത്താസമ്മേളനത്തിൽ എം.എൽ.എമാരായ ഐ.ബി.സതീഷ്,വി.കെ.പ്രശാന്ത്,ടൂറിസം സെക്രട്ടറി കെ.ബിജു,ടൂറിസം ഡയറക്ടർ ശിഖ സരേന്ദ്രൻ,ഐ ആൻഡ് പി.ആർ.ഡി ഡയറക്ടർ ടി.വി.സുഭാഷ് എന്നിവർ പങ്കെടുത്തു.