പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ദീപപ്രദക്ഷിണം ഭക്തിസാന്ദ്രമായി നടന്നു. ഇന്നലെ വൈകിട്ട് ആരാധനയ്ക്ക് ശേഷം യജ്ഞശാലയിൽ നിന്നാരംഭിച്ച ദീപപ്രദക്ഷിണത്തിൽ സന്യാസി - സന്യാസിനിമാരും,ബ്രഹ്മചാരി - ബ്രഹ്മചാരിണികളും,ഗുരുഭക്തരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ദീപപ്രദക്ഷിണത്തിന് നേതൃത്വം നൽകി. അഖണ്ഡ നാമജപത്തോടൊപ്പം പഞ്ചവാദ്യ നാദസ്വര മേളങ്ങളും പെരുമ്പറയും മുത്തുക്കുടയുമെല്ലാം ദീപപ്രദക്ഷിണത്തിന് മിഴിവേകി. തുടർന്ന് ദീപപ്രദക്ഷിണം ഗുരുവിങ്കൽ സമർപ്പിച്ച് ആരാധനയും പ്രാർത്ഥനയും നടന്നു.
ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പരമ്പരയെ അഭിസംബോധന ചെയ്ത് നവപൂജിതം സമർപ്പണ സന്ദേശം നൽകി.സെപ്തംബർ 20ന് നടക്കുന്ന പൂർണകുംഭമേളയോടെ ഇക്കൊല്ലത്തെ നവപൂജിതം ആഘോഷപരിപാടികൾ സമാപിക്കും.