കിളിമാനൂർ:ഫാൻസി കടയ്ക്ക് തീപിടിച്ച് അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം. മഹാദേശ്വരം പൊന്നൂസ് ഫാൻസി കടയിലാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ തീ പിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന കളിപ്പാട്ടങ്ങളും ഫാൻസി ഐറ്റം ഉൾപ്പെടെയുള്ള സാധനങ്ങളുമെല്ലാം പൂർണമായി കത്തി നശിച്ചു. പ്ലാസ്റ്റിക്കിന്റെ ഗന്ധവും പുകയും കണ്ട് സമീപത്തെ കാനറാ ബാങ്കിലെയും മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെയും സെക്യൂരിറ്റിമാർ വന്നു നോക്കവെയാണ് തീപിടിത്ത വിവരം അറിയുന്നത്. ഉടൻ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയും വെഞ്ഞാറമൂട്, കടയ്ക്കൽ ഫയർസ്റ്റേഷനുകളിലെ സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരപ്പിൽ സ്വദേശി വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.