കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരിതബാധിതക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ വികസിപ്പിക്കുന്ന ടൗൺഷിപ്പിലെ മാതൃകാഭവനം കാണാൻ തിരക്ക്. തങ്ങളുടെ വീട് എങ്ങനെ ആയിരിക്കുമെന്ന് അറിയാൻ ദുരന്തബാധിതരാണ് വരുന്നത്.
സന്തോഷമാണ് ഏവരുടെയും മുഖത്ത് . ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏകദേശം 22 ലക്ഷം രൂപ മുതൽ 24.5ലക്ഷം രൂപവരെ വിനിയോഗിച്ചാണ് ആയിരം ചതുരശ്ര അടിയിലുള്ള ഓരോ വീടും നിർമ്മിക്കുന്നത്. മതിലും റോഡും സോളാറും അടക്കമുള്ള അനുബന്ധ സംവിധാനങ്ങൾ ഉൾപ്പെടെ 35 ലക്ഷമാണ് ചെലവെന്ന് വാർത്ത പ്രചരിച്ചിരുന്നു. ഇത്രയും വേണ്ടിവരില്ലെന്ന വിമർശനം ഇതോടെ ശക്തമാവുകയും ചെയ്തു.
ചെലവ് ഉയരാനുള്ള കാരണങ്ങൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രകൃതി ദുരന്തങ്ങളിൽ കുലുങ്ങാത്ത വീട്.ടൗൺ ഷിപ്പിന് 299 കോടി രൂപയുടെ എൻജിനീയറിംഗ് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ (ഇ.പി.സി) കരാറാണ്. 410 വീടും പൊതു കെട്ടിടങ്ങളും റോഡുമെല്ലാം ഉൾപ്പെടുത്തിയാണ് നിർമ്മാണം.ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല.
കോൺക്രീറ്റ് ഫ്രെയിമുകൾ തറയിൽ പണിത് തൂണുകൾക്കിടയിൽ ഫ്ളൈ ആഷ് കട്ട ഉപയോഗിച്ചാണ് ചുമര് കെട്ടുന്നത്.എട്ട് അടി താഴ്ചയിലാണ് കുഴിയെടുക്കുന്നത്. ഒമ്പത് തൂണുകൾ. അടിത്തറക്ക് മാത്രം 25ശതമാനമാണ് ചിലവ്.
രണ്ട് കിടപ്പ് മുറി,രണ്ട് ശുചിമുറി,ഡൈനിംഗ്, സിറ്റ് ഔട്ട് ,ലിവിംഗ്,പഠന മുറി, അടുക്കള,വർക്ക് ഏരിയ. മൂന്ന് നിലയ്ക്കുള്ള അടിത്തറ.സ്പോൺസർമാർ നൽകേണ്ട തുക ഇരുപത് ലക്ഷമായി മന്ത്രിസഭ നിശ്ചയിച്ചിട്ടുണ്ട്.
സന്നദ്ധ സംഘടനകളുടെ വീടിന്
ഇത്രയും തുക വേണ്ടിവന്നില്ല
സന്നദ്ധ സംഘടനകൾ നിർമ്മിച്ചു നൽകിയ വീടുകൾക്ക് ഇത്രയും തുക വന്നിട്ടില്ല. കേരള പൊലീസ് അസോസിയേഷൻ മീനങ്ങാടിയിൽ നിർമ്മിച്ച് നൽകിയ1300 ചതുരശ്ര അടിയുളള വീടിന്ചെലവ് 23 ലക്ഷം.
ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ മുട്ടിലിൽ നിർമ്മിച്ച 840ചതുരശ്ര അടി വീടിന് 20ലക്ഷത്തിൽ താഴെ.
സുൽത്താൻ ബത്തേരി രൂപതയുടെ കീഴിലുളള ശ്രേയസ് കാക്കവയലിൽ നിർമ്മിച്ച 1050 ചതുരശ്ര അടിയുളള വീടിന് 28.75 ലക്ഷം
800 ചതുരശ്ര അടിയിൽ യോഗ ക്ഷേമ സഭ ചീക്കല്ലൂരിൽ നിർമ്മിച്ച വീടിന് 15 ലക്ഷം. 850 ചതുരശ്രി അടിയിൽ തമിഴ്നാട് ജംഇയ്യത്തുൽ ഉലമാ സഭയുടെ സാമ്പത്തിക സഹായത്തോടെ സമസ്ത കോ ഓർഡിനേഷൻ കമ്മറ്റി നെല്ലിമാളത്തും വെളളമുണ്ടയിലും നിർമ്മിച്ച വീടുകൾക്ക് 15 ലക്ഷം വീതം.
ചൂരൽമല പുനർനിർമ്മാണം :
വ്യാജപ്രചരണമെന്ന് മന്ത്രി രാജൻ
കോട്ടയം : ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണത്തിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണം സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. വീടുകളുടെ നിർമാണച്ചെലവിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ചിലർ ഉന്നയിക്കുന്നത്.
ഒരു വീടിന് 31.5 ലക്ഷം രൂപയാണ് (ജി.എസ്.ടി ഒഴികെ) ചെലവ് കണക്കാക്കിയിരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് ഒരു വീടിന് 22 ലക്ഷം രൂപ (ജി.എസ്.ടി ഒഴികെ) എന്ന നിരക്കിൽ സാങ്കേതിക എസ്റ്റിമേറ്റിൽനിന്ന് 30 ശതമാനം കുറവിലാണ് കരാർ നൽകിയത്. പൂർത്തിയായ മാതൃകാ വീട് സന്ദർശിച്ച ഗുണഭോക്താക്കൾ നിർമ്മാണ ഗുണനിലവാരം, രൂപകല്പന, സൗകര്യങ്ങൾ എന്നിവയിൽ തൃപ്തരാണ്. ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണത്തിലാണ് 410 വീടുകൾ നിർമ്മിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ എസ്. സുഹാസിന്റെ നേതൃത്വത്തിൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.