pol
തെരുവ് വിളക്കിന്റെ പോൾ സ്ഥാപിക്കാനായി പണിത തറയും കമ്പിയും

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ടൗണിൽ സ്ട്രീറ്റ് ലൈറ്റുകളുടെ പോൾ സ്ഥാപിക്കാനായി ഒന്നരവർഷംമുമ്പ് ദേശീയപാതയോരത്ത് നാട്ടിയ കമ്പികളും തറയും വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഭീഷണിയാവുന്നു. ചുങ്കം മുതൽ കോട്ടക്കുന്ന് വരെയുള്ള ഭാഗത്ത് ലൈറ്റുകളുടെ തൂണുകൾ സ്ഥാപിക്കുന്നതിനായി പണിത തറയും കമ്പിയുമാണ് ഭീഷണിയായി നിലകൊള്ളുന്നത്. ഇത്തരത്തിൽ പന്ത്രണ്ടെണ്ണമാണ് പാതയോരത്ത് ഒന്നരയടി മുകളിലേക്ക് നിൽക്കുന്ന തരത്തിലുള്ളത്. ഇതിൽ വാഹനങ്ങളുടെ ബംമ്പറുകൾ കുടുങ്ങി കേടുപറ്റുന്നത് നിത്യസംഭവമായിരിക്കുകയാണ്. ടൗണിൽ പ്രകാശം വിതറുന്ന വലിയ തെരുവുവിളക്കുകൾ സ്ഥാപിക്കാനായാണ് ഒന്നരവർഷം മുമ്പ് നഗരസഭ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ടൗണിൽ ലൈറ്റുകൾ പോളുകൾ സ്ഥാപിക്കുന്നതിനായി നിശ്ചയിച്ച ഇടങ്ങളിൽ വലിയ കമ്പികൾ കുഴിച്ചിട്ട് തറയും കെട്ടി. പക്ഷേ ലൈറ്റുകൾ സ്ഥാപിക്കാൻ മുന്നോട്ട് വന്ന കമ്പനി പിൻമാറിയതോടെ കമ്പികളും തറയും അപകടകെണിയായി മാറുകയായിരുന്നു. പുറമെ നിന്ന് ഇവിടേക്ക് എത്തുന്നവർ വാഹനങ്ങൾ പാതയോരത്തേക്ക് ഒതുക്കുമ്പോൾ കമ്പികളിൽ കുടുങ്ങി ബംബറുകൾ തകരുന്നു. ടൗണിലെ അസംപ്ഷൻ ജംഗ്ഷൻ മുതൽ കോട്ടക്കുന്ന് വരെയാണ് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. കുറെ ഭാഗം തെരുവുവിളക്ക് സ്ഥാപിച്ചങ്കിലും ചുങ്കം മുതൽ കോട്ടക്കുന്ന് വരെ ഇടവിട്ട് നാട്ടിയ കമ്പികൾ മാറ്റാനോ തെരുവുവിളക്ക് സ്ഥാപിക്കാനോ നടപടിയായില്ല.