pulikad
പുലിക്കാട് കൊടക്കാട്‌കൊല്ലി റോഡ്

മാനന്തവാടി: പുലിക്കാട് - കൊടക്കാട്‌കൊല്ലി റോഡിൽ ദുരിതയാത്ര. പുലിക്കാട് കൊടക്കാട്‌കൊല്ലി, കൊടക്കാട് ഉന്നതിയിലെ നാട്ടുകാർ എന്നിവർ മഴയിൽ ദുരിതം പേറുകയാണ്. തരുവണ പടിഞ്ഞാറത്തറ പ്രധാന റോഡിലുള്ള പുലിക്കാടെത്താൻ റോഡുണ്ടെങ്കിലും ഇതുവഴി കാൽനടയാത്ര പോലും ചെയ്യാനാവാത്ത സ്ഥിതിയാണ്. പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. മുപ്പതുവർഷം മുമ്പാണ് റോഡ് നിർമിച്ചത്. പുലിക്കാടിനെ പരിയാരം മുക്കുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. രണ്ടുകിലോമീറ്ററിൽ താഴെയാണ് റോഡിന്റെ ദൂരം. ഇതുവരേയും റോഡ് മുഴുവനായി കോൺക്രീറ്റ് ചെയ്‌തോ ടാർ ചെയ്‌തോ ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ 15ാം വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പുലിക്കാടുനിന്ന് നാനൂറ് മീറ്റർ ദൂരത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പരിയാരംമുക്കിൽനിന്നു മുന്നൂറു മീറ്ററോളം ദൂരത്തിലും റോഡ് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഇതിനിടയിൽ താമസിക്കുന്നവരാണ് നടക്കാൻ പോലുമാവാതെ പ്രയാസപ്പെടുന്നത്.

ചെറുകര എ.എൽ.പി സ്‌കൂൾ, കരിങ്ങാരി ജി.യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂളിലേക്ക് പോകാൻ ആശ്രയിക്കുന്ന റോഡാണിത്. മുട്ടറ്റം ചെളിയിൽ മുങ്ങിയാണ് കുട്ടികളുടെ യാത്ര. പ്രായമായവർക്കുപോലും നടന്നുപോകാൻ സാധിക്കാത്ത റോഡിലൂടെ കുട്ടികൾ സാഹസപ്പെട്ടാണ് സഞ്ചരിക്കുന്നത്. മാസങ്ങൾക്കു മുമ്പ് പഞ്ചായത്ത് ക്വാറിപ്പൊടി ഇറക്കിക്കൊടുത്തിരുന്നു.

നാട്ടുകാർ പിരിച്ചെടുത്ത തുക കൊണ്ടാണ് ഇവ നിരത്തിയത്. മഴ ശക്തമായതോടെ ഇവയിൽ ഭൂരിഭാഗവും ചെളിയിൽ കുഴഞ്ഞു. പ്രദേശത്തെ ഏക ആശ്രയമാണ് ഈ റോഡ്. റോഡിനോട് പഞ്ചായത്ത് അധികൃതർ തികഞ്ഞ അവഗണന കാട്ടുന്നതായി നാട്ടുകാർ പറഞ്ഞു. കാൽനടയാത്രപോലും ദുഷ്‌കരമായ റോഡിലൂടെ പ്രായമായവരേയും രോഗികളെയും എടുത്തുകൊണ്ടുവേണം പ്രധാന റോഡിലെത്തിക്കാൻ. റോഡ് ഗതാഗതയോഗ്യമാക്കി തങ്ങളുടെ പ്രയാസത്തിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.