കൽപ്പറ്റ: നോവലിസ്റ്റ് പി. വത്സലക്ക് സാനു മാഷ് എന്നും ഒരു താങ്ങും തണലുമായിരുന്നുവെന്ന് ഭർത്താവ് അപ്പുക്കുട്ടി മാഷ് വ്യക്തമാക്കി. തങ്ങൾ തമ്മിലുള്ളത് ഒരു കുടുംബ ബന്ധമായിരുന്നു. പല ആവശ്യങ്ങൾക്കും എർണാകുളത്ത് എത്തുമ്പോൾ സാനുമാഷിന്റെ വീട്ടിലായിരുന്നുവാസം. പുറത്തെവിടെയും താമസിക്കുന്നത് സാനു മാഷിന് ഇഷ്ടമല്ലായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർമാരായിരുന്നു സാനു മാഷും പി. വത്സലയും. കോട്ടയത്തായിരിക്കും അധികവും മീറ്റിങ്ങുകൾ നടക്കാറ്. കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് എത്തി തിരിച്ച് വരുമ്പോൾ സാനു മാഷിന്റെ വീട്ടിൽ താമസിച്ചതിന് ശേഷമായിരിക്കും പി. വത്സലയെ കോഴിക്കോട്ടേക്ക് പറഞ്ഞയക്കാറ്. സാനു മാഷ് ഉണ്ടാകുമ്പോൾ പി. വത്സലക്ക് എന്നും ഒരു കരുതൽ പോലെയായിരുന്നു. പി. വത്സല എഴുതി തുടങ്ങിയ കാലം മുതലുളള ബന്ധമായിരുന്നു അത്. പലപ്പോഴും വിളിക്കാറുണ്ട്. വത്സല അൽഷിമേഴ്സ് ബാധിച്ച് കഴിയുമ്പോഴും വിവരങ്ങൾ ആരാഞ്ഞ് സാനു മാഷ് വിളിക്കുമായിരുന്നുവെന്ന് അപ്പുക്കുട്ടി മാഷ് പറഞ്ഞു.