മേപ്പാടി: മുണ്ടക്കൈ ഉരുൾ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് ഏറ്റെടുത്തത് തോട്ടഭൂമി. തോട്ടം തരം മാറ്റിയെന്ന് ലാൻഡ്‌ബോർഡ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. മൂന്ന് ഏക്കർ പൂർണമായും ഏഴര ഏക്കർ ഭാഗികമായും തരം മാറ്റിയതെന്നാണ് കണ്ടെത്തൽ. ലാന്റ്‌ബോർഡ് മേപ്പാടി വെള്ളിത്തോടിലെ രണ്ട് ഭൂമിയും പരിശോധിച്ചു. തങ്ങൾ ലീഗിന് വിറ്റത് തോട്ടഭൂമിയാണെന്നും ലീഗാണ് തരം മാറ്റിയതെന്നുമാണ് സ്ഥലം മുൻ ഉടമകൾ ലാന്റ് ബോർഡിന് മൊഴി നൽകിയിരിക്കുന്നത്. പ്രശ്നത്തിൽ ഇടപെടണമെന്ന് കാണിച്ച് മുസ്ലിം ലീഗ് ഇതുവരെയും സർക്കാറിനെ സമീപിച്ചിട്ടില്ല. 107 കുടുംബങ്ങൾക്കാണ് മുസ്ലിംലീഗ് വീട് നിർമ്മിച്ചു നൽകുന്നത്. തോട്ടഭൂമിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇനി നിർമ്മാണ പ്രവൃത്തി നടത്താൻ കഴിയില്ല. 11 ഏക്കർ ഭൂമിയിൽ നിയമപ്രശ്നം ഇല്ലാത്ത ഭൂമിയായി രണ്ടര ഏക്കർ മാത്രമാണ് ഉള്ളത്. സർക്കാരിനെയോ കോടതിയേയോ സമീപിക്കുക മാത്രമാണ് മുസ്ലിംലീഗിന്റെ മുന്നിലെ വഴികൾ. തോട്ടഭൂമി തരം മാറ്റി പുനരധിവാസം നടപ്പിലാക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി നേരത്തെ വ്യക്തമാക്കിയതാണ്. അതിനിടെ വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതർ തന്നെ സർക്കാരിനെ സമീപിക്കാൻ സാദ്ധ്യതയുണ്ട്. തോട്ടഭൂമി വലിയ വില നൽകി ഏറ്റെടുത്തത് മുസ്ലിംലീഗിൽ വിവാദമായിട്ടുണ്ട്. സി.പി.എം ഉൾപ്പെടെ വിഷയം ചൂണ്ടിക്കാട്ടി ശക്തമായ പ്രക്ഷോഭത്തിലാണ്. ഇന്ന് മേപ്പാടിയിൽ കെ ടി ജലീൽ എംഎൽഎ പങ്കെടുക്കുന്ന പ്രതിഷേധ സംഗമം സി.പി.എം കൽപ്പറ്റ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ദുരിതബാധിതരെ കബളിപ്പിച്ചു എന്നാണ് സി.പി.എം ആരോപിക്കുന്നത്. അതേസമയം ഭൂമി പ്രശ്നം ഉയർത്തി മുസ്ലിം ലീഗിന്റെ പുനരുധിവാസ പദ്ധതി തകർക്കാനാണ് ശ്രമമെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. എന്നാൽ വീട് നിർമ്മാണത്തിന് നിയമ പ്രശ്നം യാതൊന്നും ഇല്ലെന്ന് വീട് നിർമ്മാണ ഉപസമിതി കൺവീനർ പി.കെ.ബഷീർ എം.എൽ. എ വ്യക്തമാക്കി. മഴ കാരണമാണ് വീട് നിർമ്മാണം തത്ക്കാലത്തേക്ക് നിർത്തി വച്ചതെന്നും അദ്ദേഹം പറഞ്ഞു.