vazha
രോഗബാധയെ തുടർന്ന് നശിച്ച വാഴ

സുൽത്താൻ ബത്തേരി: കാലാവസ്ഥ വ്യതിയാനം കാർഷികവിളകളെ കാര്യമായി ബാധിച്ചപ്പോൾ അതിനെ അതിജീവിച്ച നേന്ത്രവാഴയിലെ ജി ഒമ്പതിനെയും (പച്ചവാഴ) രോഗം പിടികൂടി. ഇഞ്ചിയിലായിരുന്നു രോഗബാധ ആദ്യം കണ്ടിരുന്നതെങ്കിൽ ഇപ്പോൾ വാഴയ്ക്ക് ഫംഗസാണ് പിടികൂടിയത്. ഇല പഴുത്ത് വീഴുകയാണ് ഇതിന്റെ രോഗലക്ഷണം. സാധാരണ വാഴയെ അപേക്ഷിച്ച് രോഗ പ്രതിരോധ ശേഷി കൂടുതലുള്ളയിനം വാഴയാണ് ജി ഒമ്പത്. അതിനാണ് ഇപ്പോൾ രോഗം പിടിപ്പെട്ടത്. കാലാവസ്ഥയിലുണ്ടായ മാറ്റം കാർഷിക മേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. പുല്ല് മുതൽ തെങ്ങ് വരെയുള്ള മോണോകോട്ട് സസ്യങ്ങളിലെല്ലാം കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി പുതിയ ഇനം ഫംഗസുകളുടെ ആക്രമണം ഉണ്ടായികൊണ്ടിരിക്കുകയാണ്.

പ്രതിസന്ധിയിലായി കർഷകർ

അന്യസംസ്ഥാനത്ത് കൃഷി ചെയ്യുന്ന നൂറുകണക്കിന് കർഷകരെ ഇത് കാര്യമായി ബാധിച്ചു. ഇഞ്ചികൃഷിയുമായി ഇറങ്ങിത്തിരിച്ച കർഷകർ ഇഞ്ചിയുടെ വിലയിടിവും കേടും കാരണം വാഴ കൃഷിയടക്കമുള്ള ഇടവിളകളിലേയ്ക്ക് തിരിഞ്ഞു. കർഷകർ പൊടികൈകൾ പരീക്ഷിച്ചെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ല. രോഗത്തെക്കുറിച്ച് കൃത്യമായി പഠിക്കുന്നതിനും കർഷകർക്കാവശ്യമായ അറിവുകൾ നൽകുന്നതിനും കാർഷിക സർവകലാശാലകളും കൃഷി വിദഗ്ധരും തയ്യാറാകുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. ഇപ്പോൾ ഇവിടെ കണ്ടുവരുന്ന രോഗം 2004ൽ ബ്രസീലിൽ കണ്ടുപിടിക്കപ്പെട്ടതാണ്. ഇതിന് കൃത്യമായ മരുന്നുണ്ട്. എന്നാൽ ഇത് ഇന്ത്യയിൽ ലഭ്യമല്ല. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ഇതിനെ നിയന്ത്രിക്കുന്നതിനുള്ള കുമിൾ നാശിനികൾ ലഭ്യമാണ്. ഇവിടെയുള്ള കർഷകർക്കും ഇത് ലഭ്യമാക്കാൻ വേണ്ട നടപടിയാണ് കൃഷി വകുപ്പ് കൈക്കൊള്ളേണ്ടതെന്ന് കർഷക കൂട്ടായ്മയായ യു.എഫ്.പി.എ ആവശ്യപ്പെടുന്നു.

കാർഷിക ജാഗ്രത സെമിനാർ

സുൽത്താൻ ബത്തേരി: കാർഷിക വിളകൾക്ക് വന്ന രോഗബാധയെ നിയന്ത്രിച്ച് കൃഷി സംരക്ഷിക്കുന്നതിനായി യുണൈറ്റഡ് ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ കാർഷിക ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയുമായി കർഷക സെമിനാർ നടത്തുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് മീനങ്ങാടി യാക്കോബായ ചർച്ച് പാരീഷ് ഹാളിലും ഞായറാഴ്ച ഉച്ചയക്ക് ശേഷം രണ്ട് മണിയ്ക്ക് നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചുമാണ് അറിവ് കാർഷിക ജാഗ്രത സെമിനാറുകൾ നടത്തുക. കൃഷിയിലെ നവീന ആശയങ്ങൾ അവതരിപ്പിക്കുകയും ചർച്ചയും ആശയകൈമാറ്റവും നടക്കും.