മാനന്തവാടി: തരുവണ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വകയിരുത്തിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങൾ മാതൃകകളുടെയും പരീക്ഷണങ്ങളുടെയും പിന്തുണയോടെ വിനിമയം ചെയ്യാൻ ലാബ് സൗകര്യം പ്രയോജനപ്പെടും. ഉപകരണങ്ങൾ, അവ സൂക്ഷിക്കാനുള്ള ഷെൽഫുകൾ, പരീക്ഷണങ്ങൾ ചെയ്യാനുള്ള ടേബിളുകൾ, ജല ലഭ്യത, അനുബന്ധ റാക്കുകൾ എന്നിവയും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്രത്തെ സൂക്ഷ്മതലത്തിൽ മനസിലാക്കാനും
ശാസ്ത്ര ബോധത്തോടെ വളരാനും വിദ്യാർത്ഥികൾക്ക് ലാബ് പ്രവർത്തനങ്ങളിലൂടെ കഴിയും. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി മേളയുടെ ഉദ്ഘാടനവും ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ ന്യൂസ് പേപ്പറിന്റെ പ്രകാശനം സ്‌കൂൾ പ്രിൻസിപ്പൽ എം.ജെ ജെസി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി.കെ നജ്മുദ്ദീൻ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ എം. മുസ്തഫ, സീനിയർ അസിസ്റ്റന്റ് കെ. പ്രീതി, എസ്.എം.സി ചെയർമാൻ നാസർ സാവാൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീജ, സ്റ്റാഫ് സെക്രട്ടറി വി. സന്ധ്യ, ക്ലബ്ബ് കോർഡിനേറ്റർ കെ. മിസ്വർ അലി എന്നിവർ പ്രസംഗിച്ചു.