മേപ്പാടി: പുത്തുമല ഉരുൾപൊട്ടലിനെ തുടർന്ന് ഗ്രാമത്തിന്റെ വിളക്കായിരുന്ന തപസ്യ കലാവേദിയും ഓർമ്മയായി. ദുരന്തത്തിനുശേഷം ഗ്രാമവാസികൾ വിവിധ സ്ഥലങ്ങളിൽ താമസമാക്കിയതോടെയാണ് തപസ്യ കലാവേദിയുടെ പ്രവർത്തനം തടസപ്പെട്ടത്. 1984 ൽ ആണ് 14 ചെറുപ്പക്കാർ ചേർന്ന് തപസ്യ കലാവേദിക്ക് രൂപം നൽകിയത്. പിന്നീട് നീണ്ട 35 വർഷം സജീവമായി പ്രവർത്തിച്ചു. ജില്ലയിലെ തന്നെ മികച്ച സാംസ്‌കാരിക കൂട്ടായ്മയായിരുന്നു തപസ്യ. 2019ലെ ഉരുൾപൊട്ടലോടെ എന്നന്നേക്കുമായി കലാകേന്ദ്രം ഇല്ലാതായി. ഹാരിസൺസ് മലയാളം പ്ലാന്റേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലബ് കെട്ടിടം ഉൾപ്പെടെ തുടച്ചുനീക്കപ്പെട്ടു. വർഷം തോറും തപസ്യ സംഘടിപ്പിച്ചിരുന്ന നാടകത്തിനായി ഗ്രാമവാസികൾ കാത്തിരിക്കുമായിരുന്നു. സമകാലിക വിഷയങ്ങളിൽ ആയിരുന്നു നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്. അഭിനേതാക്കൾ പ്രദേശത്ത് ആളുകൾ തന്നെയായിരുന്നു. ഗ്രാമത്തിലെ ഓരോ ആളുകളും ഏതെങ്കിലും തരത്തിലുള്ള കലാസാംസ്‌കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. ഇന്നും ആ ഓർമ്മയിലാണ് തപസ്യയുടെ മുൻകാല പ്രവർത്തകർ. ദുരന്തത്തോടെ പുത്തുമലയിൽ ജനവാസം ഇല്ലാതായി. ഇനിയൊരിക്കലും ആ ഗ്രാമത്തിലേക്ക് തിരികെപോകാൻ ആകില്ല. തപസ്യ എന്ന നാട്ടുകാരെ ചേർത്തുനിർത്തിയിരുന്ന കൂട്ടായ്മ വീണ്ടും രൂപീകരിക്കണമെന്ന ആലോചനയിലാണ് പഴയ ഭാരവാഹികൾ. മികച്ച ഗ്രന്ഥശാലയ്ക്കുള്ള അവാർഡ് ഉൾപ്പെടെ പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ക്ലബിലൂടെ അരങ്ങേറ്റം കുറിച്ച് കലാരംഗത്തേക്ക് നിരവധിപേർ എത്തിയിട്ടുണ്ട്.