മാനന്തവാടി: വയനാട്ടിൽ കേരള എൻ.ജി.ഒ യൂണിയൻ കെട്ടിപ്പടുക്കാൻ നിർണ്ണായക പങ്ക് വഹിച്ച സി.വിജയരാഘവൻ ഓർമയായി. മാതൃകാ സർക്കാർ ജീവനക്കാരൻ എന്ന പേരിന് ഉടമയായിരുന്നു. സർവീസ് മേഖലകളിലും സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലും സജീവമായിരുന്നു. ഗുരുവായൂരിനടുത്ത പുത്തൻപള്ളിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. 1970 മുതൽ 1985വരെ അദ്ദേഹം വയനാട്ടിൽ സർവീസ് മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം, കേരള എൻ.ജി.ഒ യൂണിയൻ മാനന്തവാടി ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള എൻ.ജി.ഒ യൂണിയന് മാനന്തവാടിയിൽ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം പണിയാൻ അദ്ദേഹം വഹിച്ച് പങ്ക് വലുതായിരുന്നു. എടവക, വേമം(മാനന്തവാടി) വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെടുന്നവർക്ക് ഒരു മാതൃകാ സർക്കാർ ജീവനക്കാരനെ അനുഭവിച്ചറിയാൻ കഴിഞ്ഞുവെന്ന് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റായിരുന്ന പി.രാജൻ പറഞ്ഞു. വയനാട്ടിൽ നിന്ന് സ്ഥലം മാറിപ്പോയ വിജയരാഘവൻ കോഴിക്കോട്, മലപ്പുറം ജില്ലകളിലും ജോലി ചെയ്തിട്ടുണ്ട്.
ചെറുവളളി ശേഖരൻ നായരുടെ മകനാണ്. ഭാര്യ: ഗിരിജ. മക്കൾ:ജിവേക്,പരേതനായ ജിജിത്. മരുമക്കൾ: സ്നേഹ, നീലിമ. 2005ൽ സർവീസിൽ നിന്ന് വിരമിച്ചു.