കൽപ്പറ്റ: നിലമ്പൂർ നഞ്ചൻകോട് പുതിയ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലമ്പൂർ നഞ്ചൻകോട് പുതിയ പാതയുടെ സർവേ 2007-08 ൽ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. പിന്നീട്പൊ തുജനങ്ങളുടെ ആവശ്യപ്രകാരം വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി 2023 ൽ നിലമ്പൂർ നഞ്ചൻകോട് പുതിയ പാതയുടെ (236 കിലോമീറ്റർ) പുതിയ അന്തിമ സ്ഥല സർവേ (എഫ്.എൽ.എസ്) നടത്തിയിരുന്നു.

വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സ്ഥിരീകരിച്ചതിനുശേഷം, പദ്ധതിക്ക് അനുമതി നൽകേണ്ടതുണ്ട്. മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയായതിന് ശേഷം സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നീതി ആയോഗിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും പരിഗണനയ്ക്ക് ശേഷം അന്തിമ അംഗീകാരം നേടുകയും വേണം. പദ്ധതികൾക്ക് അനുമതി നൽകുന്നത് തുടർച്ചയായ പ്രക്രിയയായതിനാൽ, കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയില്ല എന്നും, വേഗത വർദ്ധിപ്പിക്കുന്നതിനായി ഷൊർണൂർ നിലമ്പൂർ വിഭാഗത്തിൽ റെയിൽവേ ട്രാക്കുകളുടെ നടത്തിയ നവീകരണത്തിന്റെ ഫലമായി 2024-25 കാലയളവിൽ ഷൊർണൂർ നിലമ്പൂർ റീച്ചിന്റെ കൈവരിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്ററിൽ 85 കിലോമീറ്റർ ആയി വർദ്ധിപ്പിച്ചതായി മന്ത്രി മറുപടിയിൽ അറിയിച്ചു.

നിലമ്പൂർ ഷൊർണൂർ സെക്ടറിലെ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി, നിലമ്പൂർ റോഡിനും ഷൊർണൂരിനും ഇടയിൽ 66325/66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു എന്ന പുതിയ ട്രെയിൻ അനുവദിച്ചതായും ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.