ലക്കിടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ഉറഞ്ഞുപോയ ഓണക്കാലത്തെ തിരിച്ചുപിടിക്കാൻ കിതയ്ക്കുന്ന വയനാട്ടുകാർക്ക് കനത്ത തിരിച്ചടിയായി താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ. മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലാണ് ഉരുൾപൊട്ടലുണ്ടായതെങ്കിലും ജില്ലയെ ആകെ പിടിച്ചുകുലുക്കിയതായിരുന്നു ഉരുൾപൊട്ടൽ. വ്യാപാര മേഖലയും ടൂറിസവും തകർന്നു. മഴ ഒന്ന് മാറി നിന്നതോടെയാണ് ടൂറിസം വ്യാപാര മേഖലകൾക്ക് നേരിയ ഉണർവ് ഉണ്ടായത്. അതിനിടെയാണ് കഴിഞ്ഞ ദിവസം പെയ്ത മഴ ചുരത്തിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിക്കാൻ ഇടയായത്.
ചുരത്തിൽ നേരത്തെയും ചെറിയ രീതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായിരുന്നെങ്കിലും അന്നെന്നും ബന്ധപ്പെട്ടവർ കാര്യമായി എടുക്കാത്തതിന്റെ അനന്തരഫലമാണ് ഇപ്പോഴുണ്ടായ മണ്ണിടിച്ചിൽ. വയനാട് വീണ്ടും ഒറ്റപ്പെട്ടുവെന്ന തരത്തിലുള്ള പ്രചാരണം ടൂറിസം മേഖലയെ കാര്യമായി ബാധിച്ചുവെന്നാണ് ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവരും ടൂറിസം സംഘടനകളും പറയുന്നത്. ഓണാവധി മുന്നിൽ കണ്ട് നിരവധി വിനോദ സഞ്ചാരികൾ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്. ഇതിൽ കുറെ പേർ ബുക്കിംഗ് റദ്ദാക്കിയതായി ടൂർ ഓപ്പറേറ്റർമാർ പറഞ്ഞു. ചുരം റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയത് വ്യാപാര മേഖലയെയും കാര്യമായി ബാധിച്ചു. ഓണാവധിയ്ക്ക് സ്‌കൂളുകളും കോളേജുകളും അടച്ചതോടെ ഓണം വയനാട്ടിൽ തന്നെ ആഘോഷിക്കാമെന്ന് കരുതിയിരുന്നവരിൽ പലരും ചുരം ഇടിഞ്ഞതോടെ ചുരം ഇറങ്ങി. പുറം ലോകവുമായി വയനാട് ഒറ്റപ്പെടുമോയെന്ന ആശങ്കയാണ് ആളുകളെ നാടുപിടിക്കാൻ പ്രേരിപ്പിച്ചത്.
വയനാട്ടിൽ നിന്ന് ഇതര ജില്ലകളിലേക്ക് താമരശ്ശേരി ചുരമല്ലാതെ നാടുകാണി, കുറ്റ്യാടി, പേര്യ, പാൽച്ചുരം എന്നിവ വഴിയും കർണ്ണാടക ,തമിഴ്നാട് വഴിയും പോകാവുന്നതാണ്. എന്നാൽ വയനാട് പൂർണമായും ഒറ്റപ്പെട്ടുവെന്ന പ്രചാരണം ജില്ലയുടെ സമസ്ത മേഖലകളെയും സ്തംഭിപ്പിക്കുകയാണ് ചെയ്യുന്നത്.