
എടത്വ: കളിവള്ളങ്ങൾ ഒരുക്കിയിട്ടും മത്സരം കാണാനുള്ള പാസ് പോലും നൽകാതെ കളിവള്ള ശില്പി സാബു നാരായണൻ ആചാരിയെ സംഘാടകർ അവഗണിച്ചതായി ആക്ഷേപം. ഫൈനലിൽ എത്തിയ നാല് വള്ളങ്ങളിൽ മൂന്നെണ്ണവും ഒരുക്കിയത് സാബു നാരയണൻ ആചാരിയാണ്. സ്വന്തം കരവിരുതിൽ ജന്മംകൊണ്ട ചുണ്ടൻ വള്ളങ്ങൾ കുതിച്ചു പായുന്നതു കരയിലിരുന്ന് ആഹ്ലാദത്തോടും അഭിമാനത്തോടും കൂടിയാണ് സാബു ആശാരി കണ്ടത്. സംഘാടകർ പവലിയനിൽ പ്രവേശിക്കാൻ ഒരു പാസ് പോലും സാബുവിന് നൽകിയില്ല. അവഗണനയുടെ അപമാനഭാരവുമായി ഒരുമൂലയിൽ നിന്ന് അദ്ദേഹം കാഴ്ചക്കാരോടൊപ്പം വള്ളംകളിയിൽ പങ്കുചേർന്നു.
സംഘാടകർ അവഗണിച്ച സാബു നാരായണൻ ആചാരിയെ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ വീട്ടിലെത്തി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ജി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് വി.യു.വിനീഷ്, സെക്രട്ടറി സുജിത്ത് മോഹൻ, അനീഷ് തോമസ് എന്നിവർ പങ്കെടുത്തു.