
കായംകുളം: കായംകുളം നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ ടോയ് ലറ്റ് അടച്ച് പൂട്ടിയിട്ട് നാളുകളായതോടെ ദുരിതത്തിൽ ജനങ്ങൾ. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ടോയ് ലറ്റ് ഇല്ലാത്തതിനാൽ പൊതുജനങ്ങൾ ബസിന്റെ മറവിൽ നിന്ന് ശങ്ക തീർക്കേണ്ട അവസ്ഥയാണ്. ഇതോടെ റോഡിലൂടെ പോകുന്ന യാത്രക്കാർ മൂക്ക് പൊത്തിയാണ് സഞ്ചാരം. ശുചിത്വ നഗരമെന്ന പ്രഖ്യാപനം നടത്തിയിട്ടും ആൾക്കാർ റോഡിലൂടെ മൂക്ക് പൊത്തി പോകേണ്ട അവസ്ഥയാണ്. കായംകുളത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് നൂറോളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും വന്ന് പോകുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ടോയ് ലറ്റ് ഇല്ലാതായിട്ട് രണ്ട് വർഷത്തോളമാകുന്നു. ജീവനക്കാരും യാത്രക്കാരും സ്റ്റാൻഡിന്റെ ഒഴിഞ്ഞഭാഗമാണ് പ്രാഥമികആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. നഗരസഭ ടോയ് ലറ്റ് നിർമ്മാണത്തിന് എട്ട് ലക്ഷം രൂപ അനുവദിച്ചു. നിർമ്മാണത്തിന് ടെൻഡറും ചെയ്തു. എന്നിടും നിർമ്മാണം തുടങ്ങിയില്ല. നിലവിലുള്ള ടോയ് ലറ്റ് കാലപ്പഴക്കത്താൽ ഉപയോഗശൂന്യമല്ലാതായിട്ട് അടച്ചിട്ടിരിക്കുകയാണ്. ഇത് പൊളിച്ചുമാറ്റിയിട്ടില്ല. സ്റ്റാൻഡിന്റെ പടിഞ്ഞാറെ ഭാഗത്ത് പുതിയ ടോയ്ലറ്റ് നിർമ്മിക്കാനാണ് പണം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതിനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണ്.
.................
# അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ സ്വകാര്യ ബസ് സ്റ്റാൻഡ്
1. നൂറ് വർഷം പിന്നിട്ട നഗരസഭ ആയിട്ടും ഒരു സെൻട്രൽ ബസ് സ്റ്റാൻഡ് സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല.
2. പത്ത് സെന്റിൽ താഴെ സ്ഥലത്ത് പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡിൽ നാല് ബസുകൾക്ക് മാത്രമാണ് പാർക്ക് ചെയ്യുന്നതിന് സ്ഥലമുള്ളത്. 3. ബസ് സ്റ്റാൻഡ് ഫീസ് നൂറു ശതമാനം വർദ്ധിപ്പിച്ചാണ് കരാറുകാരനെ പിരിയ്ക്കാൻ ഏൽപിച്ചിരിക്കുന്നത്.
..............
ഫീസ് പിരിക്കുന്ന ബസ് സ്റ്റാൻഡുകൾക്ക് നിയമപരമായി ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ കായംകുളത്ത് ഇല്ലാ. ഇതിനാൽ ഫീസ് വർദ്ധന പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും
-പാലമുറ്റത്ത് വിജയകുമാർ ,ജില്ലാ പ്രസിഡന്റ് ,പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ