ചെന്നിത്തല: ഓണമുണ്ണാൻ മലയാളികൾ ഒന്നടങ്കം ഒരുങ്ങുമ്പോൾ അതിനായി കൃഷി ചെയ്ത നെൽ കർഷകർ പട്ടിണിയിലേക്ക്. ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശക്ക് കടമെടുത്തും കൃഷി ചെയ്ത കർഷകർ കൊടുത്ത നെല്ലിന്റെ കാശ് കിട്ടാത്തതിനെ തുടർന്ന് പ്രതിഷേധത്തിനൊരുങ്ങുന്നു. ചെന്നിത്തല ഒന്നാം ബ്ലോക്കിലെ 185ഓളം കർഷകരാണ് നെല്ലിന്റെ വില കിട്ടാത്തതിനെ തുടർന്ന് പ്രതിഷേധത്തിനിറങ്ങുന്നത്. 423 ഏക്കറിലായി കൃഷി ചെയ്ത നെല്ലിന്റെ വിലയ്ക്കായുള്ള ഇവരുടെ കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞവർഷം ഓണത്തിന് മുമ്പ് നെല്ലിന്റെ വില ലഭിച്ചതിനാൽ ഇത്തവണയും ഓണത്തിന് മുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നു കർഷകർ. പാഡി മാർക്കറ്റിൽ നിന്നും മെയ് 20 വരെയുള്ള പി.ആർ.എസ് ബാങ്കിലേക്ക് അയച്ചതായി പറഞ്ഞെങ്കിലും ബാങ്കിൽ അന്വേഷിച്ചപ്പോൾ തുക ആയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കൃഷി ചെയ്ത കർഷകർക്ക് നെല്ലിന്റെ വില എത്രയും വേഗം ലഭിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നാളെ ചെന്നിത്തല കൃഷിഭവനു മുന്നിൽ പ്രതിഷേധിക്കുമെന്ന് ഒന്നാം ബ്ലോക്ക് പാടശേഖരസമിതി പ്രസിഡന്റ് അജിത് കുമാർ, സെക്രട്ടറി വി.കെ രാജീവൻ, കൺവീനർ എൻ.പി രാജു എന്നിവർ അറിയിച്ചു