dog

ആലപ്പുഴ : കൊട്ടാരപ്പാലം- കല്ലുപാലം റോഡിൽ തമ്പടിച്ചിരിക്കുന്ന തെരുവു നായ്ക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. രാത്രിയാകുന്നതോടെ ഇരുപതോളം നായ്ക്കൾ പതിവായി ഇവിടെ കാണും. യാത്രക്കാർക്ക് നേരേ ഇവ കുരച്ചുകൊണ്ട് ചാടിവീഴുന്നതും പതിവാണ്.

ഇതുകാരണം രാത്രികാലങ്ങളിൽ പേടിച്ചാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. കോടതിപ്പാലം അടച്ചതോടെ ഈ റോഡിലൂടെ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഓണം സീസൺ കൂടിയായതിനാൽ തിരക്ക് വർദ്ധിച്ചിട്ടുമുണ്ട്. കഴിഞ്ഞ ജൂണിൽ കോട്ടാരപ്പാലത്തിന് സമീപം തെരുവുനായ ബൈക്കിന് കുറുകെ ചാടി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ ഡ്യൂട്ടിക്ക് പോകുന്ന വഴിയാണ് ഇദ്ദേഹത്തിന് മുമ്പിലേക്ക് നായകൾ ഓടിയെത്തിയത്. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതോടെ കാലിനും കൈയ്ക്കും പരിക്കേറ്റിരുന്നു.

നടപടികൾ പേരിനുപോലുമില്ല

 തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി ഓരോ വർഷവും തദ്ദേശ സ്ഥാപനങ്ങൾ ബഡ്ജറ്റിൽ തുക അനുവദിക്കാറുണ്ടെങ്കിലും ഒന്നും കൃത്യമായി നടപ്പാകുന്നില്ല

 കൊട്ടാരപ്പാലം-കല്ലുപാലം റോഡ് കൂടാതെ കളക്ടറേറ്റ്, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, കോടതി എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ ഭീഷണിയാണ്

 തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ പിടികൂടാനുള്ള വിദഗ്ദ്ധപരിശീലനം നൽകാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല

 നായ്ക്കൾക്കുള്ള പ്രതിരോധ വാക്‌സനേഷൻ പ്രക്രിയ പലപ്പോഴും പേരിന് നടത്തി തദ്ദേശ സ്ഥാപനങ്ങൾ കൈകഴുകുന്ന സ്ഥിതിയുണ്ടെന്ന ആക്ഷേപവും ശക്തമാണ്

ഈ ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ കിട്ടുമെന്നതിനാലാണ് തെരുവു നായ്ക്കൾ തമ്പടിക്കുന്നത്

- പ്രദേശവാസികൾ