ആലപ്പുഴ: കെ.പി.എം.എസിന്റെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 162ാമത് ജയന്തി അവിട്ടാഘോഷം ആറിന് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ നടക്കും. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും അനുസ്മരണസമ്മേളനവും നടക്കും. പുഷ്പാർച്ചന, മധുരവിതരണം, കലാപരിപാടികൾ എന്നിവയുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെങ്ങാനൂരിലും വെള്ളയമ്പലത്തും നടക്കും. വൈകിട്ട് മൂന്നിന് മണ്ണഞ്ചേരി ജംഗ്ഷനിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. തുടർന്ന് കാവുങ്കൽ ക്ഷേത്രമൈതാനത്ത് ചേരുന്ന അനുസ്മരണസമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രക്കുശേഷം നടക്കുന്ന അനുസ്മരണസമ്മേളനം ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ, ചേർത്തലയിൽ മന്ത്രി പി. പ്രസാദ്, കായംകുളത്ത് കെ.സി.വേണുഗോപാൽ എം.പി, ചാരുംമൂട്ടിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, കാർത്തികപ്പള്ളിയിൽ രമേശ് ചെന്നിത്തല എം.എൽ.എ, കുട്ടനാട് മുൻമന്ത്രി ജി. സുധാകരൻ, അമ്പലപ്പുഴയിൽ എച്ച്. സലാം എം.എൽ.എ, പൂച്ചാക്കൽ മുൻ എം.പി. എ.എം. ആരിഫ് എന്നിവർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എൻ. ബിജു, സംസ്ഥാനകമ്മിറ്റിയംഗം എം. സുരേഷ്, അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി ജെ. വിനോദ് എന്നിവർ പങ്കെടുത്തു.