
അമ്പലപ്പുഴ: ദേശീയ അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ അദ്ധ്യാപക പുരസ്‌കാരം 2025-ന് പുന്നപ്ര ഗവ. ജെ.ബി. സ്‌കൂളിലെ പ്രഥമ അദ്ധ്യാപിക മല്ലിക അർഹയായി. ജെ.സി.ഐ ഭാരവാഹികളായ നസീർ സലാം, അഡ്വ. പ്രദീപ് കൂട്ടാല, പി. അശോകൻ, മാത്യു തോമസ്, ഡോ. ഒ.ജെ. സ്‌കറിയ എന്നിവർ അംഗങ്ങളായ അവാർഡ് നിർണയ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പുരസ്‌കാരം ഇന്ന് ജെ.സി.ഐ പുന്നപ്രയുടെ പ്രസിഡന്റ് ടി.എൻ. തുളസിദാസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വിതരണം ചെയ്യും. വിവിധ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് വേണ്ട പരിശീലന-പരിപോഷണ പ്രവർത്തനങ്ങളിൽ മല്ലിക നടത്തിയ ശ്രദ്ധേയ ഇടപെടലുകളാണ് അവരെ പുരസ്‌കാരത്തിന് അർഹയാക്കിയത്. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ജെ.സി.ഐ പുന്നപ്ര സെക്രട്ടറി റിസാൻ എ. നസീർ പ്രസ്താവനയിൽ അറിയിച്ചു.