അമ്പലപ്പുഴ: കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഈ വർഷത്തെ എം.ബി.ബി.എസ് അവസാന വർഷ പരീക്ഷയിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിന് ഉജ്വല വിജയം. 96 ശതമാനം വിദ്യാർത്ഥികളാണ് കോളേജിൽ നിന്ന് വിജയിച്ച് ഡോക്ടർമാരാകുന്നത്. ആറ് ഡിസ്റ്റിംഗ്ഷനുകളും, തൊണ്ണൂറ്റി ഒന്ന് ഫസ്റ്റ് ക്ലാസ്സുകളും ഉൾപ്പെടെ തിളക്കമാർന്ന വിജയമാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് നേടിയത് . പി. ടി.എ യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ വിജയികളായ കുട്ടികളേയും, അവരെ അതിന് പ്രാപ്തരാക്കിയ അദ്ധ്യാപകരേയും അഭിനന്ദിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എസ്. ജെ. ജെസ്സി, പി. റ്റി.എ വൈസ് പ്രസിഡൻ്റ് ഷാജി വാണിയപുരയ്ക്കൽ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അജയകുമാർ, പി. ടി.എ സെക്രട്ടറി ഡോ.സ്നേഹ എസ്.നായർ, ട്രഷറർ ഡോ. സ്മിത. ജി. രാജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്സ്. പുഷ്പരാജൻ, സലീൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിജയികളായ കുട്ടികളെ അഭിനന്ദിക്കുവാൻ ഒക്ടോബർ ആറിന് മെരിറ്റ് ഡേ നടത്തുവാനും യോഗം തീരുമാനിച്ചു.