അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക് ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷന്റെ നേതൃത്വത്തിലുള്ള നബിദിന ഘോഷയാത്രയും പൊതു സമ്മേളനവും നാളെ നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപ്പറമ്പിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി വിളക്കേഴം, സി.ആർ.പി അബ്ദുൾ ഖാദർ ,കോ- ഓർഡിനേറ്റർ ബദറുദ്ദീൻ നീർക്കുന്നം, വാളന്റിയർ ക്യാപ്റ്റൻ നവാസ് വണ്ടാനം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകിട്ട് 4ന് നീർക്കുന്നം ഇജാബ മസ്ജിദ് അങ്കണത്തിൽ നിന്നാരംഭിക്കുന്ന നബിദിന റാലി ചീഫ് ഇമാം സാജിദ് ബദ്രി കുമ്മനത്തിന്റെ പ്രാർത്ഥനയോടെ തുടക്കമാകും. അസോസിയേഷന് കീഴിലെ 12 മഹല്ലുകളിൽ നിന്നുള്ള 40 ഓളം മസ്ജിദുകളിൽ നിന്നായി 3000 ലധികം പേർ റാലിയിൽ പങ്കെടുക്കും. ദേശീയ പാത വഴി റാലി പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ളാം മസ്ജിദ് അങ്കണത്തിൽ സമാപിക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.സി.എ.സലിം ചക്കിട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.എച്ച്.സലാം എം.എൽ.എ മുഖ്യാതിഥിയാകും.മുഹമ്മദ് ബാദുഷ സഖാഫി ആമുഖ പ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണവും നടത്തും.