ആലപ്പുഴ: കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം സ്വകാര്യ ബസ് സർവീസുകളെ നഷ്ടത്തിലാക്കുന്നു. കലവൂർ,​ഇരട്ടക്കുളങ്ങര,​ മണ്ണഞ്ചേരി,കഞ്ഞിപ്പാടം,​കടപ്പുറം റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളാണ് പ്രതിസന്ധിയിലായത്. കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി പാലം പൊളിക്കുകയും കൊമേഴ്സ്യൽ കനാലിന്റെ ഇരുകരകളിലും കൂടി നടത്തിയിരുന്ന സർവീസുകൾ കൈചൂണ്ടിമുക്ക്,​ വൈ.എം.സി.എ,​ പിച്ചു അയ്യർ,​ മുല്ലയ്ക്കൽ,​ പഴവങ്ങാടി,​ കെ.എസ്.ആർ.ടി.സി,​ ചുങ്കംപാലം,​ കല്ലുപാലം വഴി തിരിച്ചുവിട്ടതാണ് സമയനഷ്ടത്തിനും കളക്ഷൻ കുറവിനും കാരണമായത്. നഗരത്തിൽ കോടതിയും മിനി സിവിൽ സ്റ്രേഷനും താലൂക്ക് ഓഫീസുമുൾപ്പെടുന്ന നഗരഹൃദയം ഒഴിവാക്കപ്പെട്ടതോടെ കളക്ഷനിൽ വലിയ കുറവ് വന്നതായാണ് ബസ് ഉടമകളുടെ വെളിപ്പെടുത്തൽ. മണ്ണഞ്ചേരി റൂട്ടിൽ നിന്ന് കൈചൂണ്ടി മുക്ക് വഴി കനാൽക്കരവഴി വൈ.എം.സി.എയിലേക്ക് വരുന്ന വാഹനങ്ങളിൽ ഇവിടങ്ങളിൽ നിന്ന് യാത്രക്കാരെ കിട്ടാത്തതാണ് കളക്ഷൻ കുത്തനെ ഇടിയാൻ ഇടയാക്കുന്നത്. മാത്രമല്ല സമയ ക്രമം പാലിക്കാൻ കഴിയാത്തതും വെല്ലുവിളിയാണ്. രണ്ട് കിലോമീറ്ററോളം ദഗൂരം അധികത്തിൽ ഓടേണ്ടിവരുന്നതിലുപരി കല്ലുപാലം,​ ഇരുമ്പ് പാലം,​ മുല്ലയ്ക്കൽ,​ ഔട്ട് പോസ്റ്റ് എന്നിവിടങ്ങളിൽ ഗതാഗത കുരുക്കിൽപ്പെടുന്നതോടെ സ്റ്റാർട്ടിംഗിൽ തുടരുന്ന വാഹനങ്ങൾക്ക് ഒരു ദിവസം കുറഞ്ഞത് ആയിരം രൂപയുടെ ഡീസലാണ് അധികമായി വേണ്ടിവരുന്നത്. ഓണം സീസണായിട്ടും കളക്ഷനിൽ വലിയ പുരോഗതിയുണ്ടായില്ലെന്ന് ബസുടമകൾ പറഞ്ഞു. ഓണം ബോണസുൾപ്പെടെ ബസുടമകൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുന്ന ആഗസ്റ്റ് മാസത്തിലാണ് കളക്ഷനിൽ വൻ ഇടിവുണ്ടായത്. രണ്ട് കിലോമീറ്റർ അധികമോടേണ്ടിവരുന്നതിലല്ല ഗതാഗത കുരുക്കിൽ അകപ്പെട്ട് കാത്തുകിടക്കുന്നതാണ് ഡീസൽ കത്തിപോകാൻ കാരണമാകുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

.....................

ഇന്ധനചെലവ് കൂടി,കളക്ഷൻ കുറഞ്ഞു

കെ.എസ്.ആർ.ടി.സിയുടെ ദീ‌ർഘദൂര സർവീസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വരുന്നതിന് പകരം വൈ.എം.സി.എയിലെത്തി സ്വകാര്യ ബസ് സ്റ്റാൻഡ് വഴി ദേശീയപാതയിലേക്ക് തിരിച്ചുവിട്ടാൽ നിലവിലെ റോഡിലെ തിരക്കും വാഹനകുരുക്കും പകുതിയായി കുറയ്ക്കാനാകും. ഇക്കാര്യത്തിൽ പൊലീസ് നൽകിയ ശുപാർശ ഓണക്കാലത്ത്പോലും നടപ്പാക്കാൻ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല

- സ്വകാര്യ ബസ് ഉടമാസംഘം