
ചെന്നിത്തല: ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച പകൽ വീട് പ്രവർത്തനമാരംഭിച്ചു. ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ സൗജന്യ പ്രവർത്തനമാണ് പകൽവീട് മുഖാന്തിരം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി പകൽ വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആതിര.ജി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുകുമാരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണപിള്ള, ജനപ്രതിനികളായ കെ.വിനു , അഭിലാഷ് തൂമ്പിനാത്ത്, ഷിബു കിളിയമ്മൻ തറയിൽ, ദീപാ രാജൻ, കീർത്തി വിപിൻ, അജിത ദേവരാജൻ, ലീലാമ്മ ഡാനിയേൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ശ്രീദേവി, ബീന തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിപു പടകത്തിൽ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധു മോഹൻ നന്ദിയും പറഞ്ഞു.