prathishedham

ചെന്നിത്തല: ഓണമുണ്ണാൻ കൃഷി ചെയ്ത് നെല്ല് നൽകിയ കർഷകർക്ക് നെല്ലിന്റെ വില നൽകാത്തതിനെതിരെ ചെന്നിത്തലയിൽ കൃഷി ഭവന് മുന്നിൽ നെൽ കർഷർ പ്രതിഷേധിച്ചു. ചെന്നിത്തല തൃപ്പരുന്തറ പഞ്ചായത്ത് ഒന്നാം ബ്ലോക്കിലെ നെൽ കർഷകരാണ് പ്രതിഷേധിച്ചത്. ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശക്ക് കടമെടുത്തും 423 ഏക്കറിലായി കൃഷി ചെയ്ത185 ഓളം കർഷകരാണ് നെല്ലിന്റെ വില കിട്ടാത്തതിനെ തുടർന്ന് ഓണമുണ്ണാൻ കഴിയാത്ത അവസ്ഥയിൽ പട്ടിണിയിൽ ആയിരിക്കുന്നത്. നെല്ലിന്റെ വിലയ്ക്കായുള്ള കാത്തിരിപ്പ് അനന്തമായി നീണ്ടതോടെയാണ് പ്രതിഷേധത്തിനിറങ്ങിയത് . കഴിഞ്ഞ വർഷം ഓണത്തിന് മുമ്പ് നെല്ലിന്റെ വില ലഭിച്ചതിനാൽ ഇത്തവണയും ഓണത്തിന് മുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. പാഡി മാർക്കറ്റിൽ നിന്ന് മേയ് 20 വരെയുള്ള പി.ആർ.എസ് ബാങ്കിലേക്ക് അയച്ചതായി പറഞ്ഞെങ്കിലും ബാങ്കിൽ അന്വേഷിച്ചപ്പോൾ തുക ആയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ചെന്നിത്തല ഒന്നാം ബ്ലോക്ക് സമിതി ഭാരവാഹികൾ പറഞ്ഞു. ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടശേഖരസമിതി പ്രസിഡൻ്റ് പി.ടി. അജിത്കുമാർ, സെക്രട്ടറി രാജീവൻ, കൺവീനർ എം.പി രാജു, നെൽ കർഷകരായ കെ. വേണു , ദേവരാജൻ , റ്റി.ജി ജോസഫ്, കെ.എൻ തങ്കപ്പൻ, ടി.രാജു , ബിജു വിരുപ്പാലിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.