40 കളിവള്ളങ്ങൾ പങ്കെടുക്കും

ഹരിപ്പാട് : ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ധി സ്മാരകമായി നടത്തുന്ന പായിപ്പാട് ജലോത്സവം തിരുവോണനാളായ ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചതയദിനത്തിൽ മത്സരവള്ളംകളിയോടെ സമാപിക്കും.

10ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 40കളിവള്ളങ്ങൾ പങ്കെടുക്കും. ഇന്ന് രാവിലെ ഏഴിന് ജലോത്സവസമിതി വൈസ് ചെയർമാൻ കെ.കാർത്തികേയൻ പതാകയുയർത്തും.എട്ടിന് മത്സര വള്ളംകളിയിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങൾ നെൽപ്പുരക്കടവിലെത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഹരിപ്പാട് ക്ഷേത്രദർശനം നടത്തും. ഉച്ചയ്ക്കു രണ്ടിന് കുട്ടികളുടെ ജലമേള ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്യും. വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. നാളെ ഉച്ചയ്ക്ക് 1.30-ന് കാർഷിക സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന ഉദ്ഘാടനം ചെയ്യും. കോ ഓർഡിനേറ്റർ പ്രണവം ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് ജലമേള ദേവസ്വം ബോർഡംഗം എ.അജികുമാർ ഉദ്ഘാടനം ചെയ്യും.വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ അദ്ധ്യക്ഷയാകും.തുടർന്ന്, വഞ്ചിപ്പാട്ട് മത്സരം നടക്കും.

മത്സരവള്ളംകളി ഞായറാഴ്ച

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് മത്സരവള്ളംകളി ആരംഭിക്കും.കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മന്ത്രി പി.പ്രസാദ് മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. കെ.സി.വേണുഗോപാൽ എം. പി ജലഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും. കളക്ടർ അലക്സ് വർഗീസ് മുഖ്യപ്രഭാഷണവും കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനദാനവും നിർവഹിക്കും. സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് പോയിന്റുകളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്ന് സമിതി അറിയിച്ചു. സി. പ്രസാദ്, പ്രണവം ശ്രീകുമാർ, സന്തോഷ് കുമാർ, ജയചന്ദ്രൻ. ഷാജൻ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു