മാവേലിക്കര : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങൾക്ക് ഭംഗം വരാത്ത തരത്തിൽ ആയിരിക്കണമെന്നും ശബരിമലയിലെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആൾ ഇന്ത്യാ വീരശൈവ മഹാസഭ, സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാർ എടുത്ത നിലപാട് തിരുത്തിയത് അഭിനന്ദനാർഹമാണ്. എന്നാൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിനു. കെ.ശങ്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്.ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര പ്രവർത്തക സമിതി അംഗങ്ങളായ പി.വി.സുരേഷ്, കെ.വി.രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണരാജ്.ആർ.പിള്ളൈ, ഗിരീഷ് കുമാർ,ഉണ്ണികൃഷ്‌ണൻ,കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് ബിജു ചീങ്കല്ലേൽ തുടങ്ങിയവർ സംസാരിച്ചു.