
മാവേലിക്കര: മിനിസിവിൽ സ്റ്റേഷനിലെ എല്ലാ വകുപ്പിലെയും ജീവനക്കാർ ചേർന്ന് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഓണം ആഘോഷിച്ചു. ഒന്നിച്ചോണം 2025 എന്ന ഓണാഘോഷ പരിപാടിക്ക് മാവേലിക്കയുടെ ഭരണ സിരാകേന്ദ്രത്തിൽ മെഗാ അത്തപ്പൂക്കളം ഒരുക്കിയാണ് തുടക്കമിട്ടത്. പത്തടി വലിപ്പത്തിലുള്ള പൂക്കളം നിർമ്മിച്ചത് 100 കിലോയോളം പൂക്കൾ ഉപയോഗിച്ചാണ്.
അതിഥിയായി എം.എസ് അരുൺകുമാർ എം.എൽ.എ കൂടിയെത്തിയപ്പോൾ ജീവനക്കാർക്ക് ആവേശം വർദ്ധിച്ചു. വാദ്യമേളത്തോടൊപ്പം മാവേലിയും പുലികളി സംഘവും ജീവനക്കാർ ഒരുക്കിയ ഓണ ഘോഷയാത്രയും എം.എൽ.എയെ വരവേറ്റു. ഉദ്യോഗസ്ഥരുടെ ആഘോഷങ്ങൾ കണ്ടപ്പോൾ എം.എൽ.എയ്ക്കും ആവേശമായി. ഓണക്കളികളുടെ ഭാഗമായി സംഘടിപ്പിച്ച കലമടി മത്സരത്തിൽ ഒരു കൈ നോക്കാൻ എം.എൽ.എയും മുണ്ട് മടക്കിയുടുത്ത് ഇറങ്ങി. ആർപ്പുവിളികളോടാണ് ഉദ്യോഗസ്ഥർ എം.എൽ.എയെ പ്രോത്സാഹിപ്പിച്ചത്. മിനി സിവിൽ സ്റ്റേഷനിലെ എല്ലാ ജീവനക്കാർക്കും ചെറിയ ഓണസമ്മാനവും നൽകിയാണ് എം.എൽ.എ മടങ്ങിയത്.
മാവേലിക്കര മുൻസിപ്പൽ ചെയർമാൻ നൈനാൻ.സി.കുറ്റിശ്ശേരിൽ വേദിയിലെത്തി ആശംസകൾ അറിയിച്ചു.