photo

ചേർത്തല : പച്ചക്കറികളും പൂക്കളും കൃഷി ചെയ്യാൻ ശാരീരിക പരിമിതികൾ തടസ്സമല്ലെന്ന് തെളിയിച്ച കഞ്ഞിക്കുഴിയിലെ കരുതൽ ഭിന്നശേഷി കാർഷിക കൂട്ടായ്മ ഓണവിപണിയിലും സജീവം. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ പാട്ടത്തിനെടുത്ത എൺപതു സെന്റ് സ്ഥലത്താണ് വെറൈറ്റി ഫാർമർ സുജിത്തിന്റെ സഹായത്തോടെ ഇവർ പച്ചക്കറികളും പൂക്കളും കൃഷി ചെയ്തത്.

എട്ടുപേരടങ്ങിയ ഗ്രൂപ്പിൽ അഞ്ചുപേരാണ് കൃഷിയിൽ ഉള്ളത്. സിജിമോളാണ് കൺവീനർ. വിൽ ചെയറിൽ സഞ്ചരിക്കുന്ന ആശ, മുച്ചക്ര വാഹനമുപയോഗിക്കുന്ന ജറോം,കാലിനു സ്വാധീനമില്ലാത്ത ബിജു,രാജേഷ് എന്നിവർ ചേർന്നാണ് കൃഷി ജോലികൾ ചെയ്തതും വിളവെടുത്തതും. ചെറുവാരണം സർവീസ് സഹകരണബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്താണ് രണ്ടു വർഷം മുമ്പ് കൃഷിയിൽ ഇവർ തുടക്കം കുറിച്ചത്. വായ്പ കൃത്യമായി തിരിച്ചടച്ചതിനുശേഷം ലഭിച്ച ലാഭത്തിൽ നിന്നാണ് വീണ്ടും കൃഷിയിറക്കിയത്. കിട്ടിയ ലാഭം ഉപയോഗിച്ച് വിനോദ യാത്രകളും കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
ഓണത്തലേന്ന് ഓരോ അംഗങ്ങൾക്കും ഓണപ്പുടവയും ലാഭവിഹിതവും
വയലിൻ മന്ത്രികൻ ഡോ.ബിജു മല്ലാരിയും,കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണനും ചേർന്ന് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, കർമ്മസേന കൺവീനർ ജി.ഉദയപ്പൻ,അസിസ്റ്റന്റ് കൃഷി ഓഫീസർഎസ്.ഡി. അനില,വെറൈറ്റി ഫാർമർ എസ്.പി.സുജിത്ത് എന്നിവർ പങ്കെടുത്തു.