ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷങ്ങൾ വിപുലമായ ചടങ്ങുകളോടെ ഇന്ന് നടക്കും.സമ്മേളനം നടക്കുന്ന കണിച്ചുകുളങ്ങര ദേവസ്വം സ്കൂൾ മൈതാനവും പരിസര പ്രദേശങ്ങളും കൊടിതോരണങ്ങൾ നിരന്നു.യൂണിയൻ അതിർത്തിയിലെ മുഴുവൻ ശാഖകളിലും കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ പീത പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. കണിച്ചുകുളങ്ങര ദേവസ്വം സ്കൂൾ മൈതാനിയിൽ വൈകിട്ട് 3.30ന് ഗുരുദേവ പ്രഭാഷകൻ ആര്യാട് ഗോപി പ്രഭാഷണം നടത്തും. 4.30ന് നടക്കുന്ന മഹാസമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും മുഖ്യപ്രഭാഷണവും നടത്തും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി യൂണിയൻ അതിർത്തിയിലെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മു
ഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഇരുന്നൂറോളം വിദ്യാർത്ഥികളെ മൊമന്റോയും, കാഷ് അവാർഡും നൽകി ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ കൗൺസിലർമാരായ കെ.സോമൻ,ഗംഗാധരൻ മാമ്പൊഴി,കെ.സി.സുനീത്ബാബു,കെ.ശശിധരൻ,എം.എസ്. നടരാജൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ,സെക്രട്ടറി ആര്യൻ ചള്ളിയിൽ, വനിതാസംഘം പ്രസിഡന്റ് മോളി ഭദ്രസേനൻ,സെക്രട്ടറി പ്രസന്ന ചിദംബരൻ എന്നിവർ സംസാരിക്കും. യോഗം കൗൺസിലറും യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജുമായ പി.എസ്.എൻ.ബാബു സ്വാഗതവും യൂണിയൻ കൗൺസിലർ സിബി നടേശ് നന്ദിയും പറയും.