ആലപ്പുഴ: ഓൺലൈൻ തട്ടിപ്പുകൾ നിത്യസംഭവമായിട്ടും ചതിയിൽപ്പെടുന്നവരുടെ എണ്ണത്തിൽ
കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഒരുവർഷത്തിനിടെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മാത്രം അമ്പതോളം അറസ്റ്റുകളാണ് നടന്നത്. തുടക്കത്തിൽ ചെറിയ തുക വാങ്ങി വൻ ലാഭം നൽകുന്നതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. തുടർന്ന് അമിത ലാഭം മോഹിച്ച് വൻ തുക നൽകും. ഓഹരി നിക്ഷേപത്തിന്റെ പേരിൽ ലിങ്കുകൾ അയച്ചു കൊടുത്ത് ലക്ഷങ്ങളും കോടികളുമാണ് ഇത്തരത്തിൽ സംഘങ്ങൾ തട്ടിയെടുക്കുന്നത്. ഓഹരിയിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് വമ്പൻ തട്ടിപ്പുകൾ പൊടിപൊടിക്കുന്നത്.
ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം രാജ്യത്തിന് പുറത്തേക്ക് ക്രിപ്റ്റോ കറൻസിയായി ഒഴുക്കുകയാണ് പതിവ്. ഇരകളിൽ അധികവും പ്രൊഫഷണലുകളാണ് എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. തട്ടിപ്പുകേസുകളിൽ 40 മുതൽ 50 ശതമാനം പണം മാത്രമാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി പണം ഇവർ പിൻവലിക്കുകയോ, വിദേശ പണമാക്കി മാറ്റിയിട്ടോ ഉണ്ടാകും. പരാതി നൽകാൻ വൈകുന്നതാണ് ഇതിനുകാരണം. വിർച്വൽ അറസ്റ്റും വ്യാപകമാണ്. പൊലീസോ, സി.ബി.ഐയോ ഫോണിലൂടെ ബന്ധപ്പെട്ട് അറസ്റ്ര് ചെയ്യാറില്ലെന്ന് പലതവണ ബോധവത്കരിച്ചിട്ടും ഇത്തരം തട്ടിപ്പിൽപ്പെടുന്നവർ കുറവല്ല.
ആപ്പിലാക്കുന്ന ആപ്പുകൾ
1. ബാങ്കുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പേരിൽ ഫോണിലേക്ക് വരുന്ന മെസേജുകളിലെ ലിങ്കുകളിൽ ഭൂരിഭാഗം തട്ടിപ്പിനുള്ള ചൂണ്ടയാണ്.ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് (എ.പി.കെ) തനിയെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഈ ആപ്പ് ഓപ്പൺ ചെയ്യുന്നതോടെ ഫോൺ അവരുടെ നിയന്ത്രണത്തിലാകും
2. ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും ഇതിലൂടെ അനായാസം കൈക്കലാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും. ഒ.ടി.പി സന്ദേശങ്ങളും മറ്റും ഡിലീറ്റ് ചെയ്യുന്നതിനാൽ പണം നഷ്ടപ്പെട്ടെന്ന് ഉടൻ തിരിച്ചറിയാനും കഴിയില്ല
3.സോഷ്യൽ മീഡിയയിൽ വരുന്ന പരസ്യങ്ങളിൽ വിശ്വിസിച്ച് ട്രേഡിംഗ്, ഓഹരി ഇടപാടുകൾ ചെയ്യരുത്.വിശ്വാസ്യയോഗ്യമല്ലാത്ത ഒരു ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. കോൾ സെന്റർ മുഖേനയായിരിക്കും സംഘം വിളിക്കുക.ആളുകളെ വീഴ്ത്താൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നിരിക്കും ചതിയിൽ വീഴരുത്
4. ഓഹരിനിക്ഷേപത്തിന്റെ പേരിലാണ് വമ്പൻ തട്ടിപ്പുകൾ നടക്കുന്നത്. ഹാക്ക് ചെയ്ത വാട്സ് ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ വിശ്വസിപ്പിച്ച് പണം വാങ്ങും. കുറഞ്ഞദിവസം കൊണ്ട് ഈ പണം പല ഇരട്ടിയാക്കി കൃത്രിമമായി നിർമ്മിച്ച വെബ്സൈറ്റിൽ ദൃശ്യമാക്കും
ഗോൾഡൻ അവേഴ്സ്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം പരാതി നൽകണം
'1930' എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർചെയ്യണം
cybercrime.gov.in എന്ന വെബ് സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം
ആപ്ലിക്കേഷനുകൾ ടു സ്റ്രെപ്പ് വേരിഫിക്കേഷൻ ചെയ്യണം. പണമിടപാട് നടത്തുന്ന ആപ്ലിക്കേഷനുകൾ, സാമൂഹ മാദ്ധ്യമങ്ങൾ എന്നിവയ്ക്ക് സ്ട്രോംഗ് പാസ്‌വേഡ് നൽകണം.
-ഏലിയാസ് പി.ജോർജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ, സൈബർ ക്രൈം പൊലീസ്