അമ്പലപ്പുഴ: 171-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളുമായി ശാഖകൾ. അമ്പലപ്പുഴ കോമന 3715- നമ്പർ സൗത്ത് ശാഖയും അമ്പലപ്പുഴ ടൗൺ 6480-ാം നമ്പർ ശാഖയും ശ്രീ നാരായണ ഗുരുദേവന്റെ171-ാമത് ജയന്തി ദിനാഘോഷത്തൊടനുബന്ധിച്ച് വിളംബരബൈക്ക് റാലി,വർണ്ണ ശബളമായ ഘോഷയാത്ര, കലാപരിപാടികൾ,പ്രതിഭകളെ ആനുമോദിക്കൽ , ദൃശ്യകലാരൂപങ്ങൾ, തൈയ്യം, പൊതുസമ്മേളനം എന്നിവ നടത്തും. വൈകിട്ട് 5 ന് നടക്കുന്ന പൊതു സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.പുന്നപ്ര കിഴക്ക് 610 - നമ്പർ ശാഖയിൽ രാവിലെ 8ന് ഗുരു ഭാഗവത പാരായണം, 9 ന് വനിതാ സംഘത്തിന്റെ ചതയദിന പ്രാർത്ഥന, 10.30 ന് ഗുരുപൂജ, 11 ന് ഡോ.ജയാ വിജയന്റെ പ്രഭാഷണം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 3.30 ന് ചതയദിന റാലി. പറവൂർ വടക്ക് 395-നമ്പർ ശാഖയിൽ പകൽ 2.30 ന് ശാഖാങ്കണത്തിൽ നിന്ന് വാദ്യമേളങ്ങളുടേയും, അലങ്കാരങ്ങളുടേയും അകമ്പടിയോടെ വർണ ശബളമായി ഘോഷയാത്ര ആരംഭിച്ച് ഗുരുക്ഷേത്രസന്നിധിയിൽ സമാപിക്കും.പുന്നപ്ര വടക്ക് 609 -നമ്പർ ശാഖയിൽ രാവിലെ 9 ന് ഗുരു പുരാണ പാരായണം.10 ന് സമൂഹപ്രാർത്ഥന. വൈകിട്ട് 3ന് വർണശബളമായ ഘോഷയാത്ര. പുന്നപ്ര പടിഞ്ഞാറ് 244- നമ്പർ ശാഖയിൽ രാവിലെ 10 ന് ഗുരു പൂജയും വൈകിട്ട് 3.30ന് വർണാഭമായ ഘോഷയാത്രയും നടക്കും. ചെയർമാൻ കെ.എം. രവീന്ദ്രനും കൺവീനർ പ്രദീപ് കുമാറും നേതൃതം നൽകും. ശാഖയുടെ തെക്കേ അതിർത്തിയായ മാക്കി ജംഗ്ഷനിലെ ഗുരുമന്ദിരത്തിൽ നിന്ന് 12 കുടുംബ യൂണിറ്റിലെ അംഗങ്ങൾ അവരവരുടെ ബാനറിന് കീഴിൽ അണിനിരക്കും. തെക്ക് പടിഞ്ഞാറെ അതിർത്തിയിലുള്ള ശ്രീനാരായണ ഭജന മഠത്തിൽ ഘോഷയാത്രയായി എത്തി വടക്കോട്ട് വന്നു ഫിഷ്ലാൻഡിന്റെ കിഴക്ക് ഭാഗത്ത് ആയി കേന്ദ്രീകരിച്ച് അവിടെ നിന്ന് ഒറ്റ ബാനറിൽ കിഴക്കോട്ട് വന്നു ബീച്ച് എൽ.പി.എസിന് പടിഞ്ഞാറ് ഭാഗത്തു കൂടി വിയാനി പള്ളി ജംഗ്ഷനിൽ എത്തി നേരെ കിഴക്കോട്ട് വന്ന് ശാഖ അംഗണത്തിൽ എത്തിച്ചേരും.