sunil
സുനിൽകുമാർ

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ മരിച്ചു. വെണ്മണി പുന്തല മലയാറ്റൂർ വീട്ടിൽ മനോജ് കുമാർ (46) ആണ് മരിച്ചത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ടി.ജി ശിവന്റെ മകനാണ്. ഈ മാസം 1ന് രാവിലെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് ജോലിക്കായി ബൈക്കിൽ പോകുമ്പോൾ ചെങ്ങന്നൂർ മുളക്കുഴ ഇന്ത്യൻ ഓയിൽ പമ്പിന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.പോസ്റ്റുമോർട്ടത്തിനുശേഷം തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വയ്ക്കും. 9.30ഓടെ വിലാപ യാത്രയായി പന്തളം പൊലിസ് സ്റ്റേഷനിലെത്തിക്കും. അവിടെ പൊതുദർശനത്തിന് ശേഷം കുളനട , പുന്തല ഉള്ള വസതിയിലേക്ക് കൊണ്ടുപോയി ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.

സഹപ്രവർത്തകർക്ക് ഞെട്ടലായി മനോജിന്റെ വിയോഗം

തിരുവല്ല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മനോജിന്റെ അകാല വിയോഗത്തിൽ ഞെട്ടിത്തരിച്ച് സഹപ്രവർത്തകർ. ജോലിയിലെന്ന പോലെ സഹപ്രവർത്തകരുമായി ആത്മാർത്ഥമായ സൗഹൃദവും നിലനിർത്തിയിരുന്നയാളായിരുന്നു മനോജ്. കീഴ്‌വായ്‌പൂർ സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലും, കോയിപ്രം സ്റ്റേഷൻ പരിധിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന കേസിലും തിരുവല്ല സബ്‌ഡിവിഷനിലെ പ്രമാദമായ പോക്‌സോ കേസിൽ പ്രതിയെ ഫരീദാബാദിൽ പോയി അറസ്റ്റ് ചെയ്തതും ഉൾപ്പെടെ നിരവധി കേസുകളിൽ അന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും മനോജിന്റെ സേവനം നിസ്തുലമായിരുന്നു. കോയിപ്രം സ്റ്റേഷൻ അതിർത്തിയിലെ മോഷണ കേസന്വേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴാണ് മനോജിന് വാഹനാപകടത്തിൽ പരിക്കേറ്റത്.