vxcdvbxcb

മുഹമ്മ: ഒരുനാടിന്റെ മുഴുവൻ കലാ -കായിക സാംസ്കാരിക വേദിയായി മാറിയിരിക്കുകയാണ് മുഹമ്മ കായലോരത്തെ ആര്യക്കര കെ.സി.ചാക്കോ മാതൃകാ സോഷ്യൽ ഫോറം.

മൂന്ന് വർഷം മുമ്പാണ് മാതൃകാ സോഷ്യൽ ഫോറം ജന്മമെടുത്തതെങ്കിലും ഇതിനകം നിരവധി സംരംഭങ്ങൾക്ക് ഈ വേദി തുടക്കം കുറിക്കുകയും നാടിന് പ്രയോജനകരമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.

അതിൽ പ്രധാനപ്പെട്ടതാണ് സിനിമാകൊട്ടക. മാസത്തിലെ ഏതെങ്കിലും ഒരു ശനിയാഴ്ചയിൽ പഴയ കാല സിനിമാ പ്രദർശനം വൈകിട്ട് 7.30ന് നടക്കും. കടലയും കപ്പലണ്ടിയും കൊറിച്ചും ചുക്കു കാപ്പി കുടിച്ചും ആസ്വദിച്ച് സൗജന്യമായി സിനിമ കാണാം. ഒരോ പ്രദർശനത്തിനും 100 ഓളം ആളുകൾ ഉണ്ടാവും. പഴയ തലമുറയ്ക്ക് മധുര സ്മരണകൾ അയവിറക്കാനും പുതുതലമുറകൾക്ക് പഴയകാല സിനിമയെക്കുറിച്ച് അറിയാനും നായകി,​ നായകന്മാരെക്കുറിച്ച് മനസിലാക്കാനും ഇതു വഴി കഴിയും.

വിവാഹ വാർഷികം, വീടിന്റെ പാലു കാച്ചൽ, ജന്മദിനം തുടങ്ങിയ വ്യക്തികളുടെ വിശേഷ ദിവസങ്ങളിൽ അവർ ആവശ്യപ്പെട്ടാൽ പ്രത്യേക പ്രദർശനവും നടത്തും.ഇതിനുള്ള ചെലവ് വ്യക്തികൾ വഹിക്കണമെന്ന് മാത്രം.

മാതൃകാ വനിതാ ഇവന്റ് മാനേജ്മെൻ്റ് സർവ്വീസ് ഗ്രപ്പും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 31 അംഗങ്ങളുണ്ട്. ശരാശരി ആളൊന്നിന് മാസം 3000 രൂപ കിട്ടുന്നുണ്ട്.

മാതൃകാ വനിതാ ഫോറവും മാതൃകാ ജൂനിയർ ഫോറവും വേദിക്കു കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ മാതൃകാ സ്കൂൾ ഒഫ് മ്യൂസിക്, ഡ്രോയിംഗ് ക്ളാസും വേദിയുടെ അലങ്കാരമാണ്.

കെ. സി ചാക്കോയുടെ ഓർമ്മയ്ക്കായി മകൻ കെ.സി.തോമസ് സൗജന്യമായി നൽകിയ സ്ഥലത്താണ് മാതൃകാ സോഷ്യൽ ഫോറം പ്രവർത്തിക്കുന്നത്. വിപുലമായ ഒരു വായന ശാലയും ഇതിനൊപ്പം നടത്താനും ആലോചിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഗായകൻ ഒ. ജി.സുരേഷ് പ്രസിഡന്റും പി.എച്ച്. മുകേഷ് മോൻ സെക്രട്ടറിയും ടി.എസ്.അനിൽകുമാർ ഖജാൻജിയും കെ.സി.തോമസ് രക്ഷാധികാരിയും ആയ 20 അംഗ കമ്മിറ്റിയാണ് മാതൃകാ സോഷ്യൽ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.