ആലപ്പുഴ: തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കാസർകോട്ടേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് 24 കോച്ചുകളാക്കി മംഗലാപുരം വരെ നീട്ടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. യാത്രക്കാർക്ക് സീറ്റുകൾ ലഭിക്കാതെ പോകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മംഗലാപുരം വരെ സർവീസ് നീട്ടുകയാണെങ്കിൽ കേരള – കർണാടക അതിർത്തി മേഖലയിലെ ജനങ്ങൾക്കും വലിയ ഗുണം ലഭിക്കുമെന്നും കൊടിക്കുന്നിൽ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ മദ്ധ്യ-തെക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാരുടെ പ്രധാന ഗതാഗത കവാടമായ കായംകുളത്ത് വന്ദേ ഭാരതിന് സ്റ്റോപ്പില്ലാത്തത് ജനങ്ങളുടെ യാത്രാ സൗകര്യത്തെ ഗുരുതരമായി ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആവശ്യങ്ങൾ അടങ്ങിയ കത്തുകൾ റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും നൽകിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.