ആലപ്പുഴ: ശ്രീനാരായണഗുരുദേവന്റെ 171 -മത് ജയന്തി ആഘോഷം തുമ്പോളി 478-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പാതകഉയർത്തൽ രാവിലെ 8.15 ന് ശാഖായോഗം പ്രസിഡന്റ് വി.ബി.രണദേവ് നിർവഹിക്കും 8.30ന് യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ ചതയദിന വിളംബര ബൈക്ക് റാലി നടക്കും. വൈകുന്നേരം 4.00 ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൂടി വമ്പിച്ച ചതയദിന ഘോഷയാത്ര നടക്കും. മംഗലത്ത് മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന ചതയദിന ഘോഷയാത്ര നവോദയം വായന ശാലയ്ക്കു സമീപത്തു കൂടി വടക്കോട്ട് നീങ്ങി കൊമ്മാടി വാട്ടർടാങ്കിന് സമീപം എത്തി ബൈപ്പാസിൽ കൂടി തെക്കോട്ട് നീങ്ങി കൊമ്മാടി യുവജന വായനശാലയ്ക്ക് സമീപത്തുകൂടി പടിഞ്ഞാറോട്ടു നീങ്ങി ശങ്കരൻമൂപ്പൻ സ്മാരക ശാഖായോഗ ഗുരു മന്ദിരത്തിൽ എത്തിച്ചേരുന്നതാണ്. 5ന് ചതയദിന സമ്മേളനം ആരംഭിക്കും. ആഘോഷ കമ്മിറ്റി ചെയർമാനും ശാഖായോഗം പ്രസിഡന്റുമായ വി.ബി. രണദേവ് അധ്യക്ഷത വഹിക്കും. അമ്പലപ്പുഴ എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ വി.ആർ വിദ്യാധരൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും തുടർന്ന് ചതയദിന സന്ദേശം നൽകും. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.എം.ബൈജു സ്വാഗതവും, ശാഖായോഗം സെക്രട്ടറി ജി.മോഹൻകുമാർ നന്ദിയും പറയും. 5.30 ന് ശാഖയിലെ വനിതാ സംഘം പ്രവർത്തകർ തിരുവാതിര അവതരിപ്പിക്കും. തുടർന്ന് 6 ന് ഗുരുപൂജ, സമൂഹപ്രാർഥന, പുഷ്പാർച്ചന എന്നിവ നടക്കും.